2018ലെ നൊബേൽ സമ്മാനം 2019ൽ നൽകും


സ്റ്റോക്ഹോം : 2018ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി. ലൈംഗിക, സാന്പത്തിക അഴിമതിയെ തുടർന്നാണ് സ്വീഡിഷ് അക്കാദമി ഇക്കൊല്ലം സാഹിത്യത്തിൽ നൊബേൽ സമ്മാനം നൽകില്ലെന്ന തീരുമാനത്തിലെത്തിയത്. 2018ലെ സമ്മാനം 2019ൽ നൽകും. സ്റ്റോക്ഹോമിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. അക്കാദമി സാഹിത്യപുരസ്കാരം റദ്ദാക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്യുന്നത് അപൂർവ്വമാണ്. രണ്ടാംലോകമഹായുദ്ധകാലത്ത് 1943−ലാണ് ഇതിനുമുന്പ് നൊബേൽ സാഹിത്യ പുരസ്കാരം നൽകാതിരുന്നത്.

‘സ്വീഡിഷ് അക്കാദമിയിലുണ്ടായ പ്രശ്നങ്ങൾ നൊബേൽ പുരസ്കാരത്തെ തെറ്റായി ബാധിച്ചു. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ചും നൊബേൽ പുരസ്കാരത്തിന്റെ ദീർഘകാല ഖ്യാതിയും പരിഗണിച്ചാണ് നടപടി’ അക്കാദമി വാർത്താക്കുറിപ്പിൽ പറയുന്നു. മറ്റു പുരസ്കാരങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. നൊബേൽ സമ്മാന നിർണ്ണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോെസ്റ്റൻസണിന്റെ ഭർത്താവ് ഴാങ് ക്ലോദ് ആർനോൾട്ടിന്റെ പേരിലുയർന്ന ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരിൽ 18 സ്ത്രീകൾ നവംബറിലാണ് ആരോപണം ഉന്നയിച്ചത്.

ഇവരെ ആർനോൾട്ട് ലൈംഗികമായി ഉപയോഗിച്ചത് സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വെച്ചായിരുന്നു. ആരോപണങ്ങളെല്ലാം ആർനോൾട്ട് നിഷേധിച്ചു. ആരോപണത്തിന്റെ പേരിൽ ഇദ്ദേഹത്തിന്റെ ഭാര്യ കാതറിനയെ സമിതിയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡാനിയസ് അടക്കം ആറു അക്കാദമിയംഗങ്ങൾ സ്ഥാനമൊഴിയുകയും ചെയ്തു.

ആർനോൾട്ടും കാതറിനയും നടത്തുന്ന സംസ്കാരിക കേന്ദ്രമായ കൾച്ചർപ്ലാറ്റ്സ് ഫോറത്തിന് സഹായധനം നൽകി നിക്ഷിപ്തതാത്പര്യം കാട്ടി എന്ന ആരോപണവും അക്കാദമി നേരിടുന്നുണ്ട്. ആർനോൾട്ടിന്റെ പേരിൽ ആദ്യമായല്ല ആരോപണം ഉയരുന്നത്. അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചെന്നു പറയുന്ന കത്ത് 1996ൽ അക്കാദമിക്കു ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകർ കണ്ടെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed