ആർഎസ്എസ്സിന്റെ വോട്ടും സ്വീകരിക്കും : കാനം
കൊല്ലം : ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ വോട്ടും എൽഡിഎഫ് സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർഎസ്എസ് ഒഴികെയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയെന്നോണം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കാനം നിലപാട് വ്യക്തമാക്കിയത്. ഒരാളുടെ വോട്ട് വേണ്ടെന്നു പറയാൻ എന്താണ് അധികാരമെന്നും കാനം ചോദിച്ചു.
എൽഡിഎഫിനു വോട്ട് ചെയ്യാമെന്ന് ആർഎസ്എസ്സുകാർക്കു തോന്നുകയാണെങ്കിൽ വേണ്ടെന്നു ഞങ്ങൾ പറയില്ല. അവർ ആർക്കാണ് വോട്ട് ചെയ്തതെന്നു പോയി നോക്കാനും പറ്റില്ല. കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിലുള്ള നിലപാടിൽ മാറ്റമില്ല. കഴിഞ്ഞ പ്രാവശ്യം അവർ യുഡിഎഫിലായിരുന്നപ്പോഴാണ് ഞങ്ങൾ ജയിച്ചത്. അതിൽനിന്ന് എൽഡിഎഫ് പിന്നോട്ടു പോകേണ്ട കാര്യമില്ല. ആർക്കു വോട്ട് ചെയ്യുമെന്ന് പറയാത്ത പാർട്ടിയാണ് കേരള കോൺഗ്രസ് (എം). അവരെ മുന്നണിയിലെടുക്കുന്ന കാര്യം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. അഭിപ്രായസമന്വയമില്ലാതെ ഒരു പാർട്ടിയെ മുന്നണിയിലെടുക്കാനാകില്ല. എൽഡിഎഫ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്പ് ഡിഐസിയുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയത്.
കേരളത്തിൽ ഇല്ലാത്ത ബിജെപിയല്ല ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ മുഖ്യശത്രുവെന്നും യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് കേരളത്തിലെ ലക്ഷ്യമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ നടക്കുന്പോൾ അതിന്റെ തൊപ്പിയിലെ പൊൻതൂവലാകും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം, അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

