ഒന്നി­ച്ച് മു­ന്നോ­ട്ട്


ബെയ്ജിംഗ്: അതിർ‍ത്തിയിൽ‍ സമാധാനം പാലിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ച് ശക്തമായി പോരാടാനും ഇന്ത്യ-ചൈന ധാരണ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡണ്ട് ജിൻ‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളും ഇരുവരുടെയും കൂടിക്കാഴ്ചയിൽ‍ ചർ‍ച്ചയായി. അതിർ‍ത്തിയിൽ‍ സൈനിക ബന്ധം മെച്ചപ്പെടുത്താനും വിശ്വസവും പരസ്പര ധാരണ സൃഷ്ടിക്കാനും ഇരുനേതാക്കളുടെയും ചർ‍ച്ചയിൽ‍ തീരുമാനമായെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ഇന്നലെ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ഇന്നത്തെ ചർച്ചകൾ. 24 മണിക്കൂറിനിടെ ആറ് യോഗങ്ങളാണ് രണ്ട് നേതാക്കളും നടത്തിയത്. യുദ്ധക്കെടുതി അനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിൽ സുയുക്ത സാന്പത്തിക പദ്ധതികൾ നടപ്പിലാക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. അഫ്ഗാനിസ്ഥാന്റെ വികസനത്തിനും ജനജീവിതം സുരക്ഷിതമാക്കുന്നതിനും വേണ്ട നടപടികൾക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.

ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഇരുനേതാക്കളും രണ്ട് ദിവസമായി അനൗപചാരികമായ കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്ര മോദിയുമായി ഊഷ്മള സൗഹൃദമാണ് ചൈനീസ് പ്രസിഡണ്ട് പങ്കിട്ടത്. മോദിക്ക് ചൈനയുടെ പരന്പരാഗത സൽക്കാരമായ ചായ നൽകിയാണ് വുഹാൻ ഉച്ചകോടിയുടെ രണ്ടാം ദിനത്തിന് ഷി തുടക്കമിട്ടത്. ഇന്ന് രാവിലെ ഇരു നേതാക്കളും വുഹാനിലെ സുപ്രധാനമായ കിഴക്കൻ തടാകക്കരയിലെ ഉദ്യാനത്തിലൂടെ ദീർഘദൂരം നടന്നു. പ്രദേശത്തിെൻ്റ പ്രത്യേകതകളും പ്രാധാന്യവും ചൈനീസ് പ്രസിഡണ്ട് മോദിക്ക് വിവരിച്ചു നൽകി. ഒരു മണിക്കൂർ നീണ്ട ബോട്ടുയാത്രയും ഇരുവരും നടത്തി.

ചൈനീസ് പ്രസിഡണ്ടിന് കഴിഞ്ഞ ദിവസം മോദി ഒരു ചൈനീസ് കലാകാരൻ വരച്ച ചിത്രം സമ്മാനമായി നൽകിയിരുന്നു. ചൈനയിലെ പ്രശസ്ത ചിത്രകാരനായ ഷു ബെയ്ഹോംഗ് വരച്ച ചിത്രമാണ് മോദി ഷി ജിൻപിംഗിന് സമ്മാനിച്ചത്. ഷു ബെയ്ഹോംഗ് ഇന്ത്യയിൽവെച്ച് വരച്ച പെയിന്റിംഗാണ് മോദി നൽകിയത്. പുൽപരപ്പിൽ നിൽക്കുന്ന കുതിരയും പ്രാവിൻ കൂട്ടവുമാണ് ചിത്രത്തിലുള്ളത്. ഷു ബെയ്ഹോംഗ് ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ വരച്ച ചിത്രമാണിത്.

സന്ദർ‍ശനം പൂർ‍ത്തിയാക്കി മോദി ഉച്ചയ്ക്ക് ശേഷം ഡൽ‍ഹിയിലേയ്ക്ക് മടങ്ങി. ചൈനയിലേയ്ക്ക് മോദിയുടെ നാലാം സന്ദർശനമായിരുന്നു ഇത്. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ ജൂണിൽ അദ്ദേഹം വീണ്ടും ചൈനയിലെത്തും.

You might also like

Most Viewed