ലിഗയുടേത് കൊലപാതകമെന്ന് ഉറപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: കൊലപാതകമെന്ന് ഉറപ്പിച്ച് വിദേശവനിത ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്‍റെ നിഗമനം. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികൾ പൊട്ടിയിട്ടുള്ളതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന പോലീസ് നിഗമനത്തെ കൂടുതൽ സാധൂകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തിൽ പിടിച്ചുതള്ളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്‍റേതാണ് ഈ നിഗമനം.
അതേസമയം, കേസിലെ പ്രതികൾ ഇന്ന് വൈകീട്ടോടെ അറസ്റ്റിലായേക്കുമെന്നാണ് സൂചന. മുഖ്യപ്രതി പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. വിഷാദരോഗത്തിന് കേരളത്തിൽ ചികിത്സയ്ക്കെത്തിയ ലിഗയെ മാർച്ച് 14നാണ് കാണാതായത്. തുടർന്ന് സഹോദരി ഇലീസയും ഭർത്താവ് ആൻഡ്രൂസും പോലീസും കേരളത്തിൽ മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ലിഗയെ കണ്ടെത്താനായില്ല. എന്നാൽ കഴിഞ്ഞ ദിവസം കോവളത്തെ വാഴാമുട്ടത്ത് നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.