ഹമദ് ടൗണിലെ ഏഴ് അനധികൃത കടകൾ അടച്ചുപൂട്ടി
മനാമ: ഹമദ്ടൗണിലെ 1214 ബ്ലോക്കിലെ വീടുകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് കടകൾ, വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയം അടപ്പിച്ചു.
വാണിജ്യ രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക അനുമതികളോ അധികാരപ്പെടുത്തലുകളോ ഇല്ലാതെ പ്രവർത്തിച്ചതിനെത്തുടർന്ന് കട ഉടമകളെ പബ്ലിക് പ്രോസിക്യൂഷന് പരാമർശിച്ചതായും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇൻസ്പെക്ഷൻ ആന്റ് കോമേഷ്യൽ ഗൈഡൻസ് ടീമുകൾ വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ഹമാദ്ടൗണിൽ രണ്ട് അനധികൃത കടകൾ കൂടി കണ്ടെത്തി. നിയമലംഘനത്തെ കുറിച്ച് ഇരുകടകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സാഹചര്യങ്ങൾ പരിഹരിക്കപ്പെടാത്തപക്ഷം അവരെയും പബ്ലിക് പ്രോസിക്യൂഷന് പരാമർശിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അനധികൃത കച്ചവടക്കാർ കൂടുതലും പ്രവർത്തിക്കുന്നത് ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, േസ്റ്റഷനറി വസ്തുക്കൾ, ലോണ്ട്രി എന്നിവയുമായി ബന്ധപ്പെട്ടാണ്. രാജ്യത്ത് സാന്പത്തികവും വാണിജ്യപരവുമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം നിയമലംഘനത്തെ നിയന്ത്രിക്കാൻ മന്ത്രാലയത്തോടൊപ്പം സഹകരിച്ച പൗരസമൂഹത്തെ മന്ത്രാലയം അഭിനന്ദിച്ചു. പൗരൻമാർക്കും മറ്റ് നിവാസികൾക്കും ദേശീയ, പൊതു താൽപ്പര്യങ്ങൾക്കായി മന്ത്രാലയത്തോട് നേരിട്ടോ അല്ലാതെയോ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, പരാതികൾ എന്നിവ ബോധിപ്പിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.