പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ ഹൈക്കോടതി അയോഗ്യനാക്കി
ഇസ്‌ലാമബാദ് : വിദേശജോലി മറച്ചുവെച്ചതിന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ ഇസ്്ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. പാകിസ്ഥാൻ ഭരണഘടനയുടെ 62(1−എഫ്) വകുപ്പുപ്രകാരമാണ് കോടതിവിധി. യു.എ.ഇ. ആസ്ഥാനമായ കന്പനിയിൽ ഉദ്യോഗസ്ഥനാണെന്നും അവിടെനിന്ന് ശന്പളം പറ്റുന്നുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചതിലൂടെ തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആസിഫിന് യോഗ്യതയില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിയിലെ മൂന്നംഗ സ്പെഷ്യൽ ബെഞ്ച് നിരീക്ഷിച്ചു. വിധിയുടെ പകർപ്പ് തിരഞ്ഞെടുപ്പു കമ്മിഷനും നാഷണൽ അസംബ്ലി സ്പീക്കർക്കും അയച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു. പൊതുതിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, ആസിഫിനെ അയോഗ്യനാക്കിയത് സർക്കാരിന് കനത്ത തിരിച്ചടിയായി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനും ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ പാർട്ടിയുടെ ഉന്നത നേതാവുമാണ് ആസിഫ്.
പാക് ക്രിക്കറ്റ് താരമായിരുന്ന ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്്രീക് ഇ ഇൻസാഫ് പാർട്ടിയുടെ നേതാവും 2013−ലെ തിരഞ്ഞെടുപ്പിൽ ഖ്വാജ ആസിഫിന്റെ എതിരാളിയുമായിരുന്ന ഉസ്മാൻ ദർ സമർപ്പിച്ച ഹർജിയിലാണ് മൂന്നംഗ പ്രത്യേക ബെഞ്ചിന്റെ വിധി. യു.എ.ഇ ആസ്ഥാനമായുള്ള ഇന്റർനാഷണൽ മെക്കാനിക്ക് ആൻഡ് ഇലക്ട്രോണിക് കന്പനി ലിമിറ്റഡ് (ഐ.എം.ഇ.സി.എൽ.) ഖ്വാജയുടെ പേരിൽ നൽകിയിട്ടുള്ള ഇഖാമ (തൊഴിൽ അനുമതിപത്രം) ഇപ്പോഴും സാധുവാണെന്ന് കോടതി കണ്ടെത്തി.
നിയമബിരുദധാരിയായ ഖ്വാജ ആസിഫ് 2011 മുതൽ ഐ.എം.ഇ.സി.എല്ലിന്റെ പ്രത്യേക ഉപദേശകനായി പ്രവർത്തിക്കുകയും മാസം ഒന്പത് ലക്ഷം രൂപ (50,000 യു.എ.ഇ. ദിർഹം) ശന്പളയിനത്തിൽ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 2013−ലെ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയ്ക്കൊപ്പം നൽകിയ സ്വത്ത് വിവരക്കണക്കിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ തന്നെ നാഷണൽ അസംബ്ലിയിൽ അംഗമായിരിക്കാൻ ആസിഫിന് യോഗ്യതയില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് ഖ്വാജ ആസിഫ് അറിയിച്ചു. ഒരു വിവരവും ആരിൽ നിന്നും ഒളിപ്പിച്ചിട്ടില്ലെന്നും ഖ്വാജ പറഞ്ഞു.
