ഇമ്രാന്റെ മൂന്നാം വിവാഹവും തകർന്നതായി പാക് മാധ്യമങ്ങൾ
ഇസ്‌ലാമബാദ് : പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും തെഹ്‌രീക് ഇ ഇൻസാഫ് അധ്യക്ഷനുമായ ഇമ്രാൻ ഖാന്‍റെ മൂന്നാം വിവാഹവും മോചനത്തിന്‍റെ വക്കിലെന്ന് സൂചന. കുടുംബ വഴക്കിനെ തുടർന്ന് മൂന്നാം ഭാര്യയായ ബുഷ്റ മനേക ഇമ്രാനെ ഉപേക്ഷിച്ചെന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടിൽ കാണാത്തതാണ് അഭ്യൂഹങ്ങൾക്ക് കാരണം. ഇസ്്ലാമാബാദിലെ വീട്ടിൽ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് പാകിസ്ഥാനിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇമ്രാന്റെ വളർത്തുനായ്ക്കൾ വീട്ടിലേക്ക് മടങ്ങിയെത്തുക കൂടി ചെയ്തതോടെ ഇമ്രാനും ബുഷ്റയും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായി. വിവാഹത്തോടെ ഈ വളർത്തുനായ്ക്കളെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. ബുഷ്റയ്ക്ക് മതാചാരങ്ങൾ നിർവ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളിൽ മുഴുകുന്നതിനും നായ്ക്കൾ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന കാരണത്താലാണ് അവയെ ഒഴിവാക്കിയിരുന്നത്.
ഉർദു ദിനപത്രമായ ഡെയ്‌ലി പാകിസ്ഥാന്റെ റിപ്പോർട്ട് പ്രകാരം ബുഷ്‌റയുടെ ആദ്യവിവാഹത്തിലെ മകൻ ഖവാർ ഫരീന്റെ സാന്നിധ്യമാണ് ഇരുവരും തമ്മിൽ അകലാൻ കാരണമെന്നാണ്. ബുഷ്‌റയുടെ ബന്ധുക്കളാരും ഇർഫാനും ബുഷ്‌റയും താമസിക്കുന്ന വീട്ടിൽ അധികദിവസം താമസിക്കരുതെന്ന് വിവാഹസമയത്ത് ഇരുവരും തമ്മിൽ ധാരണയുണ്ടായിരുന്നു. ഇമ്രാന്‍റെ സഹോദരിമാരും ബുഷ്റയും യോജിച്ചു പോകുന്നില്ലെന്നതുമാണ് മറ്റൊരു കാരണമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
