കസ്റ്റഡി­ മരണം: കേസ് പോ­ലീസ് തന്നെ അന്വേ­ഷി­ക്കു­ന്നത് ശരി­യല്ലെ­ന്ന് ഹൈ­ക്കോ­ടതി­


കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസ് പോലീസ് തന്നെ അന്വേഷിക്കുന്ന രീതിയെ വിമർശിച്ച് ഹൈക്കോടതി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ കോടതി സംസ്ഥാനസർ‍ക്കാരിനും സി.ബി.ഐയ്ക്കും നോട്ടീസ് അയച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസുകൾ പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പോലീസാണ് ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. അപ്പോൾ ആ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമാണോ. കോടതി ചോദിച്ചു. കേസിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അതിനാൽ‍ സി.ബി.ഐയെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നതിൽ വിശദീകരണം നൽകണമെന്ന് സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്ന മെയ് നാലിന് ഇരുകൂട്ടരും വിശദീകരണം നൽകണം.

എന്നാൽ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നാല് പോലീസുകാരെ പ്രതിചേർത്ത് കേസിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സർ‍ക്കാർ ബോധിപ്പിച്ചു. കൂടുതൽ പോലീസുകാർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 

 പോലീസിനെതിരായ കേസ് അവർ തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്നും സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും കഴിഞ്ഞ ദിവസം മ
നുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനങ്ങളാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ‍ ഉയർത്തിയത്.

You might also like

  • Straight Forward

Most Viewed