ബിൽ കോസ്ബി പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി
വാഷിംഗ്ടൺ : വിഖ്യാത അമേരിക്കൻ ഹാസ്യതാരം ബിൽ കോസ്ബി ലൈംഗീക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കോസ്ബിക്കുമേൽ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഓരോ കുറ്റത്തിനും ചുരുങ്ങിയത് 10 വർഷം വീതം തടവ് ലഭിക്കാം.
ബാസ്കറ്റ് ബോൾ മുൻ താരം ആൻഡ്രിയ കോൺസ്റ്റന്‍റിനെ 2004ൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായാണ് കേസ്. ഫിലഡൽഫിയയിലെ വീട്ടിൽ കോസ്ബിയെ സന്ദർശിക്കാൻ ആൻഡ്രിയ എത്തിയപ്പോഴാണ് പീഡനം നടന്നത്. ആൻഡ്രിയക്ക് വൈനിൽ മയക്കുമരുന്ന് നൽകിയതായി കോസ്ബി കോടതിയിൽ സമ്മതിച്ചിരുന്നു. ശിക്ഷ വിധിക്കുംവരെ ജാമ്യത്തിൽ തുടരാമെന്ന് കോടതി ഉത്തരവിട്ടു. കോസ്ബിക്കു ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂട്ടറുടെ വാദം തള്ളിയാണ് കോടതി ഉത്തരവ്.
സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് യുവതി കോസ്ബിക്കെതിരെ പരാതി നൽകിയത്. പിന്നീട് 50ലധികം വനിതകളും കോസ്‍ബിക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സ്ത്രീകളുടെ തുറന്നുപറച്ചിലായ മീ റ്റൂ ക്യാന്പയിന്‍ ശ്രദ്ധനേടുന്പോൾ തന്നെ ഇത്തരമൊരു കേസിൽ ശിക്ഷാവിധിയുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം.
