സക്കർബർഗിനോട് നേരിട്ടു ഹാജരാകാൻ േകാടതി
ഭോപാൽ : ഭോപാൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഉടമ നൽകിയ പരാതിയിൽ ഫെയ്‌സ്ബുക്ക് തലവൻ സക്കർബർഗിനോട് നേരിട്ടു ഹാജരാകാൻ ഭോപാൽ ജില്ലാ േകാടതി ഉത്തരവിട്ടു. ബിസിനസ് നെറ്റ്്വർക്കിംഗ്് പ്ലാറ്റ്‌ഫോമായ ദി ട്രേഡ്ബുക്കിന്റെ ഉടമ സ്വപ്‌നിൽ റായ് നൽകിയ ഹർജിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി പാർഥ് ശങ്കർ മിശ്രയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നുദിവസം മാത്രം പ്രദർശിപ്പിച്ചശേഷം തന്റെ കന്പനിപോർട്ടലിന്റെ പരസ്യം ഫെയ്‌സ്ബുക്ക് പിൻവലിച്ചതായാണ് പരാതി.
പരസ്യത്തിനായി പണമീടാക്കിയിരുന്നു. പോർട്ടലിന്റെ പേരായ ട്രേഡ്ബുക്കിൽ നിന്ന് ബുക്ക് എന്ന പദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതു തന്നെ മാനസിക സമ്മർദത്തിലാക്കിയെന്നു സ്വപ്‌നിൽ കോടതി മുന്പാകെ ബോധിപ്പിച്ചു. ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ നീക്കംചെയ്യാൻ ഫെയ്‌സ്ബുക്ക് സമ്മർദ്ദം ചെലുത്തിയതായി ഇയാൾ പറഞ്ഞു.
പോർട്ടലിന്റെ ആദ്യത്തെ പ്രചാരണം 2016 ഓഗസ്റ്റ് എട്ടു മുതൽ 14 വരെയും രണ്ടാമത്തേത് 2018 ഏപ്രിൽ 14 മുതൽ 21 വരെ നടത്താനായിരുന്നു പദ്ധതി. എന്നാൽ, രണ്ടാമത്തെ പ്രചാരണം ഏപ്രിൽ 16−ന് മുന്നറിയിപ്പില്ലാതെ നിർത്തിവെക്കുകയായിരുന്നു.
