ആണവ- മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചതായി ഉത്തര കൊറിയ
പ്യോംഗ്യാംഗ് : ആണവപരീക്ഷണങ്ങൾ നിർത്തി വെച്ചതായി ഉത്തര കൊറിയ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്‌സ് പാർട്ടി മീറ്റിംഗിന് ശേഷം പ്രസിഡണ്ട് കിം ജോംഗ് ഉന്നാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ സാന്പത്തിക വളർച്ച ലക്ഷ്യമിട്ടും കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമാണ് ആണവപരീക്ഷണം നിർത്തിവെക്കുന്നതെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി അറിയിച്ചു. ശനിയാഴ്ച മുതൽ ഭൂഖണ്ധാന്തര മിസൈൽ വിക്ഷേപണത്തറകൾ അടച്ചുപൂട്ടുമെന്ന് വാർത്ത ഏജൻസി വ്യക്തമാക്കി.
അമേരിക്കയും സഖ്യരാജ്യങ്ങളും യു.എന്നും ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും പിന്നോട്ട് പോക്കില്ലെന്ന് പ്രഖ്യാപിച്ച കിം ജോംഗ് ഉന്നാണ് അപ്രതീക്ഷിത നടപടിയിലൂടെ ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. നേരത്തെ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ വിമർശനമുയരുന്പോഴും പുതിയ ഉപരോധം വരുന്പോഴും അടുത്ത മിസൈൽ തൊടുത്ത് തിരിച്ചടിക്കുന്നതായിരുന്നു കിമ്മിന്റെ ശൈലി. എന്നാലിപ്പോൾ ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ ഇന്നുമായും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായും നല്ല ബന്ധത്തിലേക്ക് നീങ്ങുന്ന ഉത്തര കൊറിയ ചർച്ചയ്ക്കുള്ള അന്തരീക്ഷം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നിർണായക നടപടി എടുത്തിരിക്കുന്നത്.
ഉത്തര കൊറിയയുടെ നിലപാടിനെ ദക്ഷിണ കൊറിയയും അമേരിക്കയും ചൈനയും ജപ്പാനും സ്വാഗതം ചെയ്തു.
