അമേരിക്കൻ സെനറ്റ് സമിതിക്ക് മുന്പിൽ സുക്കർബർഗ് ഇന്ന് മാപ്പു പറയും
വാഷിംഗ്ടൺ : ഉപയോക്താക്കളുടെ വിവരം ചോർത്തിയ സംഭവത്തിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് അമേരിക്കൻ സെനറ്റ് സമിതിയിൽ ഇന്ന് വിശദീകരണം നൽകും. സമിതിക്ക് മുന്‍പാകെ മാപ്പ് പറയുമെന്നും സൂചനകളുണ്ട്.
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാൻ വിവരങ്ങൾ ചോർത്തി കേംബ്രിജ് അനലിറ്റക്ക വിറ്റുവെന്ന ആരോപണത്തിലും സുക്കർബർഗ് മറുപടി പറയും. സമിതിക്ക് മുന്നിൽ ഹാജരാകുന്നതിന് മുന്‍പ് പുറത്തിറക്കിയ സത്യവാങ്മൂലത്തിൽ കുറ്റം ഏറ്റുപറഞ്ഞ് സുക്കർബർഗ് രംഗത്തുവന്നിരുന്നു.
“ഉത്തരവാദിത്വത്തെക്കുറിച്ച് മുൻകരുതലെടുക്കാതിരുന്നത് വലിയ പിഴയാണ്. ഫേസ്ബുക്ക് തുടങ്ങിയത് ഞാനാണ്. അതിനാൽതന്നെ ഇതിൽ നടക്കുന്ന എല്ലാത്തിന്റെയും ഉത്തരവാദിത്വം എനിക്കുതന്നെയാണ്.” സത്യവാങ്മൂലത്തിൽ സുക്കർബർഗ് പറയുന്നു.
തിരഞ്ഞെടുപ്പിൽ റഷ്യൻ ശക്തികളുടെ ഇടപെടൽ എത്രത്തോളം ഉണ്ടെന്നാണു സമിതി അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പിനിടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നു തെളിഞ്ഞതിനെത്തുടർന്ന് ഒട്ടേറെ റഷ്യൻ പേജുകൾ ഫേസ്ബുക് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്നു കരുതുന്ന ഒരു റഷ്യൻ ഏജൻസിയിൽ നിന്നുള്ള വിവരങ്ങൾ 14.6 കോടി പേരിലേക്കെങ്കിലും എത്തിയിട്ടുണ്ടെന്നും സുക്കർബർഗ് സമ്മതിക്കുന്നു.
ഇന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെയും കൊമേഴ്‌സ് കമ്മിറ്റികളുടെയും ബുധനാഴ്ച ഹൗസ് പാനലിന് മുന്നിലുമാണ് സക്കർബർഗ് ഹാജരാകുക. ഇതിന് പുറമെ സെനറ്റ് സമിതി അംഗങ്ങളുമായി കഴിഞ്ഞ ദിവസം വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണു സെനറ്റ് സുക്കർബർഗിനെ വിളിപ്പിച്ചത്.

