ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വൊസ്നിയാക് ഫേസ്ബുക്ക് ഉപേക്ഷിച്ചു
ന്യൂയോർക്ക് : ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് വൊസ്നിയാക് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. ഫേസ്ബുക്ക് വിവര ചോർച്ചയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടർന്നാണ് അദ്ദേഹം അക്കൗണ്ട് ഉപേക്ഷിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിറ്റു പണമുണ്ടാക്കുന്നതിന് എതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ ഫേസ്ബുക്ക് വിടുകയാണെന്ന് സ്റ്റീവ് ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി.
ഉപയോക്താക്കൾ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ ഈ വ്യക്തിവിവരങ്ങൾ കൈമാറി ഫേസ്ബുക്ക് പരസ്യവരുമാനം ഉണ്ടാകുകയാണ്. ഉപയോക്താക്കൾക്കു യാതൊരു പ്രയോജനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആപ്പിൾ മികച്ച ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് പണമുണ്ടാകുന്നത്. അല്ലാതെ നിങ്ങളെ വിറ്റഴിച്ചല്ല. ഫേസ്ബുക്കിന് ഉപഭോക്താക്കളൊരു ഉൽപ്പന്നമാണെന്നും സ്റ്റീവ് കൂട്ടിച്ചേർത്തു.

