യു.എസിനു കനത്ത തിരിച്ചടി നൽകുമെന്ന് ചൈന
ബെയ്ജിംഗ് : ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടുതൽ ചുങ്കം ചുമത്താനുള്ള അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്‍റെ നീക്കത്തിനു കനത്ത തിരിച്ചടി നൽകുമെന്നു ചൈന. പതിനായിരം കോടി ഡോളറിന്‍റെ അധികചുങ്കം ചുമത്തുന്ന കാര്യം പരിഗണിക്കണമെന്നു വ്യാഴാഴ്ച ട്രംപ് ഭരണകൂടം അമേരിക്കൻ വ്യാപാര പ്രതിനിധിക്കു നിർദേശം നൽകിയിരുന്നു. വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ, അതിനെ ഭയവുമില്ല− ബെയ്ജിംഗിൽ വ്യാപാരമന്ത്രാലയ വക്താവ് പ്രതികരിച്ചു.
ഈയാഴ്ച ആദ്യം ചൈനയിൽനിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങളിൽ അമേരിക്ക 25 ശതമാനം ചുങ്കം ഏർപ്പെടുത്തിയിരുന്നു. മണിക്കൂറുകൾക്കകം അമേരിക്കയിൽ നിന്നുള്ള സോയാബീൻ, വാഹനങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയ്ക്കു ചുങ്കം ചുമത്തി ചൈന തിരിച്ചടിക്കുകയും ചെയ്തു.
അതേസമയം ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക നികുതി വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ റഷ്യയും ചൈനയും ചർച്ചകൾ സജീവമാക്കി. റഷ്യൻ സന്ദർശനം നടത്തുന്ന ചൈനീസ് വിദേശകാര്യ മന്ത്രി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുമായുള്ള ബന്ധം ചരിത്രത്തിലെ മികച്ച നിലയിലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. സഹകരണം ശക്തമാക്കുകയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും വാങ് യി പറഞ്ഞു. ദേശീയ സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും കൂടിയാണ് ചർച്ചകൾ. മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമർ പുടിൻ ഷീ ചിന്പിങിന്റെ ആശംസകൾ വാങ് യി അറിയിച്ചു. ചൈനയിൽ ജൂണിൽ നടക്കുന്ന ഷങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ കമ്മിറ്റിലേക്ക് പുടിനെ ചൈന ക്ഷണിക്കുകയും ചെയ്തു. അതേസമയം വ്ളാഡിമിർ പുടിൻ ജൂണിൽ ചൈന സന്ദർശിക്കുമെന്നും ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി ചർച്ചകൾ സജീവമാക്കുമെന്നും റഷ്യയും അറിയിച്ചു.

