സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം : ട്രംപ്
വാഷിംഗ്ടൺ : അമേരിക്കൻ സൈന്യത്തെ സിറിയയിൽ നിന്ന് പിൻവലിക്കുന്ന കാര്യം ഉടൻ പരിഗണിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഐ.എസ് ഭീകരവാദികളെ തകർക്കുകയായിരുന്നു എന്ന് വ്യക്തമാക്കിയ ട്രംപ് ആ ലക്ഷ്യം ഏതാണ്ട് പൂർത്തിയായി എന്നും ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ ഇടപെടലുകളിൽ ഖേദിക്കുന്നതായും വ്യക്തമാക്കി. തുടർനടപടികൾ മറ്റുള്ളവരുടെ സഹകരണത്തോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ഐ.എസ്സിനെതിരെ പോരാടാൻ രൂപം നൽകിയ ആഗോള സഖ്യത്തിലെ അമേരിക്കൻ പ്രതിനിധിയായ ബ്രറ്റ് മാക്ക്ഗുർക്ക് വിഷയത്തിൽ വത്യസ്തമായ അഭിപ്രായമാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. മുഖ്യ പോരാട്ടം ഐ.എസ്സിനെതിരെയായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ലക്ഷ്യം പൂർത്തിയായിട്ടില്ലെന്നും ലക്ഷ്യം തങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ 17 വർഷത്തിനിടെ പശ്ചിമേഷ്യയിൽ 7 ട്രില്യൺ ഡോളൽ ചിലവഴിച്ചതായും ട്രംപ് വ്യക്തമാക്കി. 2001 സപ്തംബർ 11ന് വേൾഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് അമേരിക്ക ആഗേളതലത്തിൽ ഭീകരപോരാട്ടം നടത്തുകയാണെന്ന പേരിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇടപെടാൻ ആരംഭിച്ചത്.
അതേസമയം െമക്സിക്കോയിൽനിന്ന് യു.എസ്സിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരെ സൈനികമായി നേരിടുമെന്നും യു.എസ് പ്രസിഡണ്ട് വ്യക്തമാക്കി.അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാൻ ആരെയും അനുവദിക്കില്ല. ഇതിനായി മെക്സിക്കൻ അതിർത്തിയിൽ സൈനികരെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു.
മെക്സിക്കോയിൽനിന്ന് യു.എസ്സിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിർത്തിയിൽ 3218 കിലോമീറ്റർ നീളമുള്ള മതിൽ പണിയുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ലഹരിമരുന്ന് കടത്തും ഭീകരരുടെ നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

