റഷ്യക്ക് എതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു
വാഷിംഗ്ടൺ : 2016ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ഇടപെടൽ, അമേരിക്കക്കെതിരായ സൈബർ ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ റഷ്യയെ പ്രതിക്കൂട്ടിലാക്കി അമേരിക്കയും രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഒരു സംഘം റഷ്യൻ പൗരൻമാർക്കും റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ വിവിധ സംഘടനകൾക്കും അമേരിക്ക വിലക്കേർപ്പെടുത്തി. ഡോണൾഡ് ട്രംപ് പ്രസിഡണ്ടായ ശേഷം റഷ്യയ്ക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന ഏറ്റവും ശക്തമായ നടപടിയാണിത്.
റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസസ്, ഇന്റലിജൻസ് ഡയറക്ടറേറ്റ്, ഇന്റർനെറ്റ് റിസർച്ച് ഏജൻസി, തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടുന്നു.
റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന ബില്ല് കഴിഞ്ഞവർഷം അമേരിക്കൻ കോൺഗ്രസ് പാസാക്കിയിരുന്നു. ബില്ല് നിയമമായ ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഉപരോധമാണിത്. ഉപരോധ പ്രഖ്യാപനത്തിനുള്ള നീക്കങ്ങൾ ഏതാനും ആഴ്ചകളായി നടന്നുവരികയായിരുന്നു. റഷ്യൻ ഭരണകൂടത്തിന്റെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്ന് ട്രഷറി ഡിപ്പാർട്ടുമെന്റ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കയിലെ ഊർജ, ആണവ, ജല വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കന്പനികളുടെയും സംഘടനകളുടെയും കംപ്യൂട്ടറുകളിൽ നടന്ന സൈബർ ആക്രമണത്തിനു പിന്നിൽ റഷ്യ ആണെന്ന് ആമേരിക്ക ആരോപിക്കുന്നു. ഈ ആക്രമണങ്ങൾക്കു കാരണമായി കണ്ടെത്തിയ മാൽവെയറുകൾക്ക് ‘റഷ്യൻ ബന്ധ’മുണ്ടെന്നും അമേരിക്ക പറയുന്നു. നടപടിക്കു വിധേയരായ വ്യക്തികളുടെയും സംഘടനകളുടെയും അമേരിക്കയിലെ സ്വത്തുക്കൾ മരവിപ്പിക്കും. അമേരിക്കൻ പൗരൻമാർക്ക് ഇവരുമായുള്ള വാണിജ്യ ഇടപെടലുകൾക്കും വിലക്കേർപ്പെടുത്തും.
ഇതിനു പുറമെ 2016ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണവുമുണ്ട്. ഹിലാരി ക്ലിന്റനെതിരെ ഡോണൾഡ് ട്രംപിന്റെ ജയം ഉറപ്പാക്കാൻ റഷ്യ ഇടപെട്ടെന്ന ആരോപണം നേരത്തെയുണ്ട്്. ഈ വിഷയത്തിൽ പ്രസിഡണ്ട് ട്രംപും പ്രതിക്കൂട്ടിലാണ്. അതേസമയം, അമേരിക്കൻ പ്രസിഡണ്ട് തിര
ഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം തുടക്കം മുതൽ റഷ്യ നിഷേധിച്ചു വരികയാണ്.
അതിനിടെ, ആരോപണ വിധേയരിൽ റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനുമായി ഉറ്റ ബന്ധം പുലർത്തുന്ന റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ അമേരിക്കൻ ഭരണകൂടം നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

