അൽഖ്വയ്ദ ബന്ധം; അമേരിക്കൻ പൗരന് 45 വർഷം തടവ്
വാഷിംഗ്ടൺ : അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കൻ പൗരന് 45 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മുഹ്‌നദ് മെഹമൂദ് അൽഫരേഖ് എന്ന 32 കാരനെയാണ് അമേരിക്കൻ നീതിന്യായ വകുപ്പ് ശിക്ഷിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള അൽഖ്വയ്ദയുടെ പദ്ധതിയിൽ ഇയാളും ഒപ്പം ചേർന്നിരുന്നുവെന്നതാണ് കുറ്റം.
ഏഴ് വർഷത്തോളമായി ഇയാൾക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും കൊലപാതകകുറ്റവും ഗൂഢാലോചനയുമടക്കമുള്ള ഒന്നിലേറെ കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിട്ടുള്ളതെന്നും നീതിന്യായ വകുപ്പിന്‍റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അൽഖ്വയ്ദ അംഗങ്ങൾക്ക് സ്‌ഫോടനവസ്തുക്കളും മറ്റ് സാധനസാമഗ്രികളും എത്തിക്കുന്നതിലും ഇയാൾ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുണ്ട്.
ആദ്യം പാകിസ്ഥാനിലെ ഗോത്ര മേഖലയിലേക്ക് കടന്ന ഇയാൾ പിന്നീട് അഫ്ഗാനിലേക്ക് എത്തുകയും ഇവിടെ അൽഖ്വയ്ദ യൂണിറ്റിന്‍റെ കീഴിൽ പരിശീലനം നേടുകയും ചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

