ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശവുമായി യു.എൻ മനുഷ്യാവകാശ തലവൻ

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗങ്ങളായ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കെതിരെ രൂക്ഷവിമർശവുമായി ഐക്യരാഷ്്ട്ര സഭയുടെ മനുഷ്യാവകാശസമിതി തലവൻ രംഗത്ത്. മനുഷ്യത്വരഹിത പ്രവർത്തനങ്ങൾക്കെതിരെ ഇടപെടുന്നതിൽ യു.എൻ സെക്യൂരിറ്റി കൗൺസിൽ തികഞ്ഞ പരാജയമാണെന്നായിരുന്നു സെയ്ദ് റാദ് അൽ ഹുസൈനിന്‍റെ പ്രതികരണം.
മനുഷ്യരെ കൊല്ലുന്ന കശാപ്പുശാലകളിൽ ദുഃഖം രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ തലവൻ റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ സ്ഥിരം സമിതി അംഗങ്ങൾ ഈ വിഷയത്തിൽ കാണിക്കുന്ന അലംഭാവത്തെ നിശിതമായി ഭാഷയിൽ വിമർശിച്ചു. വീറ്റോ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണ് ഈ രാജ്യങ്ങളെന്നായിരുന്നു അൽ ഹുസൈനിന്‍റെ ആരോപണം.
നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ ഹുസൈൻ തന്‍റെ അവസാന ഔദ്യോഗിക പ്രസംഗത്തിലാണ് രൂക്ഷ വിമർശം നടത്തിയിരിക്കുന്നത്. ഏകീകൃതമായ എന്തെങ്കിലും പ്രവർത്തനം ആവശ്യമായി വരുന്പോൾ അത് തടയാനാണ് വീറ്റോ അധികാരം ഉപയോഗിക്കുന്നതെന്നും ഹുസൈൻ കൂട്ടിച്ചേർത്തു. സിറിയയിലെ ഘൗത്ത, കോംഗോയിലെ കസായി പ്രദേശങ്ങൾ, യെമൻ, മ്യാന്‍മറിലെ റാഖ എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ സമിതി തലവൻ പരാമർശം നടത്തിയത്.