ജെറുസലേമിൽ പുതിയ എംബസി മെയിൽ തുടങ്ങുമെന്ന് അമേരിക്ക
വാഷിംഗ്ടൺ : ഇസ്രേയലിലെ ജറുസലേമിൽ അമേരിക്കൻ എംബസി ഈ വർഷം മെയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം. ഇസ്രായേലിന്റെ സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ എഴുപതാം വാർഷികത്തിലായിരിക്കും എംബസി പ്രവർത്തനം ആരംഭിക്കുക. തീരുമാനം ചരിത്രപരമായ കാൽവെപ്പാണെന്ന് േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.നേരത്തെ തീരുമാനിച്ചതിനേക്കാൾ നേരത്തെയാകും എംബസി പ്രവർത്തനം തുടങ്ങുന്നത്. നേരത്തെ 2019 ജനുവരിയിൽ പുതിയ എംബസി പ്രവർത്തനം ആരംഭിക്കുമെന്നാണ് അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് പറഞ്ഞിരുന്നത്. ഇസ്രായേൽ സ്ഥാപക ദിനത്തിൽ തന്നെ എംബസി പ്രവർത്തനമാരംഭിക്കാനുള്ള അമേരിക്കൻ തീരുമാനം ഏറ്റവും ശരിയായതും നീതിയുക്തവുമായ തീരുമാനമാണെന്ന് ഇസ്രായേൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി കാറ്റ്സ് ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
എന്നാൽ തീരുമാനത്തിൽ പാലസ്തീൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മെയ് പതിനഞ്ച് നഖ്ബാ ദിനം അഥവാ മഹാവിപത്ത് സംഭവിച്ച ദിനമായാണ് പാലസ്തീൻ ആചരിക്കുന്നത്. ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് 1947നും 1949നുമിടയിൽ ഏഴ് ലക്ഷത്തിലധികം പാലസ്തീൻ പൗരന്മാരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. നഖ്ബാ ദിനത്തിൽ എംബസി മാറ്റാനുള്ള തീരുമാനം അമേരിക്ക മേഖലയിൽ സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണെന്ന് പാലസ്തീൻ വക്താവ് പറഞ്ഞു. ഡിസംബർ ആറിനാണ് തർക്കം നിലനിൽക്കുന്ന ജറുസലേമിനെ അമേരിക്ക ഏകപക്ഷീയമായി ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതും ടെൽ അവീവിലുള്ള എംബസി ഇവിടേക്ക് മാറ്റുമെന്നുള്ള പ്രഖ്യാപനം വൻ കോളിളക്കമുണ്ടാക്കിയിരുന്നു.

