പാക് മന്ത്രിയും ഭാര്യയും വെടിയേറ്റ് മരിച്ച നിലയിൽ
കറാച്ചി : പാകിസ്ഥാനിലെ പി.പി.പി ഭരണത്തിലുള്ള സിന്ധ് പ്രവിശ്യയിലെ മന്ത്രിയെയും ഭാര്യയും വെടിയേറ്റ് മരിച്ചു. ആസൂത്രണ വികസന വകുപ്പു മന്ത്രി മിർ ഹസർ ഖാൻ ബിജ്റാനിയും(71) ഭാര്യയും മുൻ എം.എൽ.എയുമായ ഫരിഹാ റസാക്കുമാണു കറാച്ചിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കറാച്ചിയിലെ ഡിഫൻസ് ഹൗസിംഗ് അതോറിട്ടി റെസിഡൻസിയിലെ വസതിയിൽ അടച്ചിട്ട കിടപ്പുമുറിയിലാണു മൃതദേഹങ്ങൾ കാണപ്പെട്ടത്. സംഭവ സ്ഥലത്തുനിന്ന് പിസ്റ്റൾ കണ്ടു കിട്ടിയെന്നു പോലീസ് സൂപ്രണ്ട് രാജാ ഖത്താബ് പറഞ്ഞു. കൊലപാതകം ഉൾപ്പെടെ എല്ലാ സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.
മന്ത്രിയുടെ മരണവാർത്ത അറിഞ്ഞ് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ, ആഭ്യന്തരമന്ത്രി സൊഹയിൽ അൻവർ സിയാൽ തുടങ്ങിയവർ കറാച്ചിയിലെ വസതിയിലെത്തി. മന്ത്രിയുടെ മരണം സംബന്ധിച്ച് വിശദ റിപ്പോർട്ട് തരണമെന്നു പാക് പീപ്പിൾസ് പാർട്ടി(പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിലാവലിന്‍റെ പിതാവും മുൻ പാക് പ്രസിഡണ്ടുമായ ആസിഫ് അലി സർദാരിയും ഉദ്യോഗസ്ഥരെ വിളിച്ച് കേസിന്‍റെ വിശദവിവരങ്ങളെക്കുറിച്ച് ആരാഞ്ഞു. മന്ത്രി ബിജ്റാനിയുടെ മരണം പാർട്ടിക്കു കനത്ത നഷ്ടമാണെന്നു സിന്ധ് അസംബ്ലി സ്പീക്കർ ഷീലാ റാസാ പറഞ്ഞു.
