പാർലമെന്‍റ് ചർച്ചയിൽ വൈകിയെത്തിയ മന്ത്രി മാപ്പ് ചോദിച്ചു : പിന്നാലെ രാജി
ലണ്ടൻ : പാർലമെന്‍റ് ചർച്ചയിൽ വൈകിയെത്തിയതിനു മാപ്പു ചോദിച്ച് പിന്നാലെ മന്ത്രി രാജിയും പ്രഖ്യാപിച്ചു. ബ്രിട്ടനിലെ പ്രഭുസഭാംഗവും അന്താരാഷ്‌ട്ര വികസനകാര്യ മന്ത്രിയുമായ ലോർഡ് മൈക്കിൾ ബേറ്റ്സാണ് പൊതുപ്രവർത്തനത്തിൽ അനുകരണീയമായ മാതൃക കാണിച്ചത്. ഒരു മിനിട്ടു മാത്രമാണു താമസിച്ചതെങ്കിലും സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് അദ്ദേഹം ഏറ്റുപറയുകയായിരുന്നു.
പാർലമെന്‍റ് അംഗമെന്ന നിലയിലുള്ള അഞ്ചു വർഷത്തെ പ്രവർത്തനത്തിനിടെ ഇത്തരമൊരു വീഴ്ച ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വലിയ വീഴ്ച ഉണ്ടായിരിക്കുന്നു. ചർച്ചയിൽ ഉത്തരം നൽകേണ്ട താൻ സീറ്റിൽ ഇല്ലാതിരുന്നതു ലജ്ജാവഹമാണ്. അതിനാൽ പ്രധാനമന്ത്രിക്ക് രാജി സമർപ്പിക്കുന്നു. ഒപ്പം ക്ഷമയും ചോദിക്കുന്നു. തുടർന്ന് തന്‍റെ സാധനങ്ങളെല്ലാമെടുത്ത് അദ്ദേഹം സഭയിൽ നിന്നിറങ്ങിപ്പോയി.
അപ്രതീക്ഷിത നടപടിയിൽ സഭാംഗങ്ങൾ ഞെട്ടിപ്പോയി. ചിലർ വിശ്വാസം വരാതെ ചിരിച്ചു. മറ്റു ചിലർ ബേറ്റ്സിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഏതാനും മണിക്കൂറുകൾക്കുശേഷം ബേറ്റ്സിന്‍റെ രാജി അംഗീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ ഓഫീസ് അറിയിച്ചു. സത്യസന്ധനും കഠിനാധ്വാനിയുമായ ബേറ്റ്സിന്‍റെ നടപടി സ്വാഭാവികം മാത്രമാണെന്നും കൂട്ടിച്ചേർത്തു. സോഷ്യൽമീഡിയയിൽ ബ്രിട്ടീഷ് മന്ത്രിയുടെ രാജി വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
