ബ്രെക്സിറ്റ് ബില്ലിന് എം.പിമാരുടെ അംഗീകാരം
ലണ്ടൻ : ബ്രെക്സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയുടെ അംഗീകാരം. ആഴ്ചകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് 29 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബില്ലിന് അംഗീകാരം ലഭിച്ചത്. ബിൽ ഇനി ഉപരിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കും. ജനുവരി 30ന് ബിൽ പരിഗണിക്കുന്പോൾ പ്രഭുസഭ വീണ്ടും ഭേദഗതികൾ നിർദ്ദേശിച്ചേക്കും. 2019 മാർച്ചിലാണ് ഇയുവിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം പൂർത്തിയാകുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകുന്നതിന് ജനഹിതപരിശോധാനയിൽ അംഗീകാരം ലഭിച്ചശേഷമുള്ള നിർണായക ചുവടുവെപ്പാണിത്. ബ്രെക്സിറ്റിനുള്ള അന്തിമ ഉടന്പടിക്കായി ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചർച്ച അവസാനഘട്ടത്തിലാണ്. ഇതിനിടെ പ്രധാനമന്ത്രി തെരേസ മെയുടെ നീക്കത്തിന് ബ്രിട്ടീഷ് പാർലമെന്റിൽ തിരിച്ചടിയേറ്റിരുന്നു. ബ്രെക്സിറ്റിനുള്ള അന്തിമ ഉടന്പടി പാർലമെന്റിന്റെ അനുമതിയോടെ മാത്രമേ അംഗീകരിക്കാവൂ എന്ന നിർദ്ദേശം പാസായത് ന്യൂനപക്ഷ സർക്കാരിനെ നയിക്കുന്ന മെയുടെ ശക്തി ചോർത്തുന്നതാണെന്നാണ് വിലയിരുത്തൽ. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ 11 അംഗങ്ങൾ പ്രതിപക്ഷത്തോടൊപ്പം ചേർന്നാണ് ഈ നിർദ്ദേശത്തെ പിന്താങ്ങിയത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങുന്നതിന് രാജ്യത്തെ പ്രാപ്തമാക്കുന്ന നാഴികക്കല്ലാണ് ബില്ലെന്ന് വോട്ടെടുപ്പിനുമുന്പ് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് എം.പിമാരോട് പറഞ്ഞു. അഞ്ഞൂറിലേറെ ഭേദഗതികൾ മുന്നോട്ടുവെച്ച ഉപരിസഭയിൽ 80 മണിക്കൂറിലേറെ ബിൽ ചർച്ചചെയ്തു. 324 വോട്ടിനാണ് ബിൽ പാസായത്. മെച്ചപ്പെട്ട ബില്ലാണ് പ്രഭുസഭയുടെ പരിഗണനയ്ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുടെ ആശങ്കകൾ മന്ത്രിമാർ അവഗണിച്ചെന്നും ബിൽ ഇപ്പോഴും അപര്യാപ്തമാണെന്നുമാണ് മുഖ്യ പ്രതിപക്ഷമായ ലേബർപാർട്ടിയുടെ നേതാവ് കീർ സ്റ്റാർമർ പ്രതികരിച്ചത്.

