ഹിലാരിയും ഒബാമയും ജനപ്രീതി നിലനിർത്തി

വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തി ബറാക് ഒബാമ തന്നെ. പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ പിന്തള്ളിയാണ് ബറാക് ഒബാമ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കക്കാർ ഏറ്റവും ബഹുമാനിക്കുന്ന വനിത ഹിലാരി ക്ലിന്‍റണും പുരുഷൻ ബറാക് ഒബാമയും. വാർഷിക ഗാലപ് പോളിൽ ഇരുവരും സ്ഥാനം നിലനിർത്തുകയായിരുന്നു. മുൻ േസ്റ്ററ്റ് സെക്രട്ടറിയായ ഹിലാരി 16ഉം മുൻ പ്രസിഡണ്ടായ ഒബാമ പത്തും വർഷമായി ഈ സ്ഥാനം നിലനിർത്തുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 17 ശതമാനത്തിന്‍റെ പിന്തുണ ഒബാമയ്ക്കു കിട്ടി. 14 ശതമാനവുമായി ഇപ്പോഴത്തെ പ്രസിഡണ്ട് ട്രംപ് രണ്ടാം സ്ഥാനത്തെത്തി. ഫ്രാൻസിസ് മാർപാപ്പയാണു മൂന്നാം സ്ഥാനത്ത്. അതേസമയം ഒബാമയോട് ആരാധനയുള്ളവരുടെ എണ്ണം ഈ വർഷം കുറഞ്ഞു. പോയ വർഷം 22 ശതമാനം പേർ ഒബാമയെ പിന്തുണച്ചിരുന്നു. ഒന്പതു ശതമാനം പേരാണ് ഇക്കുറി ഹിലാരിയെ പിന്തുണച്ചത്. ഒബാമയുടെ ഭാര്യ മിഷേൽ, ഓഫ്ര വിൻഫ്രെ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലെത്തി.
അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 1049 പേരുടെ അഭിപ്രായം ശേഖരിച്ചാണ് ഗാലപ്പ് പോൾ നടന്നത്.