60 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കർബാബാദ് ബീച്ച് വൃത്തിയാക്കി

മനാമ : വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യാപ്പിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ സംഘടിപ്പിച്ച കർബാബാദ് ബീച്ച് ക്ലീൻ−അപ് ക്യാന്പയിനിൽ അറുപത് സ്കൂളുകൾ പങ്കെടുത്തു. ക്യാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ ബോർഡ് ചെയർമാൻ എഞ്ചിനീയർ മുഹമ്മദ് അലി അൽ ഖുസായ് വിദ്യാർത്ഥികളെ അഭിസംബോധനചെയ്ത് സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വിദ്യാർത്ഥികളുമായി പങ്കുവച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനായി ലോകമെന്പാടും ശ്രമങ്ങൾ നടക്കുന്നതായും ചൂണ്ടിക്കാട്ടി. ദേശീയ ദിനാചരണം, ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വാക്കത്തോൺ എന്നിവയുടെ വിജയത്തിന് പിന്നാലെയാണ് ക്യാന്പയിൻ നടത്തിയത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് ജനങ്ങളെ പരിശീലിപ്പിക്കുന്നതോടോപ്പം, ഇത്തരം പ്രചാരണങ്ങളുടെ പ്രാധാന്യം അവർക്ക് ബോധ്യപ്പെടുത്തുകയുമാണ് കൗൺസിൽ ചെയ്യുന്നതെന്ന് അൽ ഖുസായ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനുള്ള കൗൺസിലിന്റെ ശ്രമഫലമായാണ് ക്യാന്പയിൻ നടത്തുന്നതെന്ന് പറഞ്ഞ അൽ ഖുസായ്, ശുദ്ധീകരണ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾ ബീച്ച് വൃത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നും യുവജനങ്ങൾക്കിടയിൽ പരിസ്ഥിതി സ്നേഹവും സംരക്ഷണവും ഉറപ്പുവരുത്താൻ ക്യാന്പയിനിലൂടെ സാധിക്കുമെന്നും ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിലിലെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ കൗൺസിൽ കമ്മിറ്റി ചെയർമാൻ ഡോ. മഹ അൽ ഷിഹാബ് പറഞ്ഞു. ക്യാപിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ ബോർഡ് ആരംഭിച്ച ‘അസ്മട്ടി-അജ്മൽ’ എന്ന പദ്ധതിയുടെ ഭാഗമായാണ് കർബാബാദ് ബീച്ച് ക്ലീൻ−അപ് ക്യാന്പയിൻ സംഘടിപ്പിച്ചത്.