ചൈനീസ് സൈന്യത്തെ വിറപ്പിക്കാൻ ബുദ്ധിമുട്ടും: ചൈനയുടെ മുന്നറിയിപ്പ്


ബെയ്ജിംഗ് : അതിർത്തി സംരക്ഷിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് ആർക്കും മിഥ്യാധാരണവേണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിക്കിം അതിർത്തിയിലെ ദോക് ലാ വിഷയത്തിൽ ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ചൈന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

“ഒരു മലയെ കുലുക്കാൻ‍ എളുപ്പമാണ്, എന്നാൽ പീപ്പിൾസ് ലിബറേഷൻ ആർ‍മിയെ വിറപ്പിക്കാൻ അത്ര എളുപ്പമല്ല. ചൈനയുടെ അതിർത്തിയും പരമാധികാരവും നിരന്തരം ശക്തിപ്പെടുത്തുകയാണെന്നും” ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് വൂ ക്വാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

സിക്കിം മേഖലയിൽ ദോക് ലായിൽ ഒരു മാസമായി ഇന്ത്യ-ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്. ദോ‌ക് ‌‌ലായിൽ ചൈനയുടെ നിർമാണപ്രവൃത്തികൾ ഇന്ത്യൻ സൈനികർ തടഞ്ഞിരുന്നു. ചൈന അതിക്രമിച്ച് ഇന്ത്യയുടെ മേഖലയിലേക്ക് കടന്നുവെന്നാണ് ആരോപണം. എന്നാൽ, ഇന്ത്യൻ സൈന്യമാണ് ചൈനയുടെ അതിർത്തിയിൽ പ്രവേശിച്ചത് എന്നാണ് അവരുടെ ആരോപണം. ഏതാണ്ട് 3,500 കിലോമീറ്റർ ദൂരമാണ് ഇന്ത്യ- ചൈന അതിർത്തി. ഇതിൽ ഭൂരിഭാഗവും തർക്ക പ്രദേശമാണ്.

ഇന്ത്യ കാര്യങ്ങളെ മിഥ്യാധാരണയിൽ കാണരുത്. പ്രശ്നങ്ങളെ ഭാഗ്യത്തിനു വിടരുത്. മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണ മെന്നും ചൈനീസ് പ്രതിരോധ വക്താവ് പറഞ്ഞു. ഇരുവിഭാഗവും സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ സൈന്യത്തെ പിൻവലിച്ച് തെറ്റ് തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed