ഇറാന്റെ ആക്രമണ ഭീഷണി: യുകെയിലെ സൈനിക താവളത്തിൽ നിന്ന് യു.എസ് യുദ്ധവിമാനങ്ങൾ മാറ്റി
ശാരിക
വാഷിംഗ്ടൺ: ഇറാന്റെ ആക്രമണ സാധ്യത മുന്നിൽക്കണ്ട് യുകെയിലെ സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നീക്കം. തിങ്കളാഴ്ച രാവിലെ രണ്ട് വിമാനങ്ങൾ ജർമനിയിലെ താവളത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂടുതൽ യു.എസ് വിമാനങ്ങൾ ജർമനി ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളിലേക്ക് ഘട്ടമായി മാറ്റിയിട്ടുണ്ട്.
വ്യത്യസ്ത കാരണങ്ങളാൽ സൈനിക വിമാനങ്ങൾ താവളങ്ങൾ മാറാറുണ്ടെന്ന പൊതു പ്രതികരണമാണ് യു.എസ് വ്യോമസേന നടത്തിയത്. എന്നാൽ വിമാനങ്ങൾ പെട്ടെന്ന് മാറ്റിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്താൻ അമേരിക്ക തയ്യാറായിട്ടില്ല. മറ്റു രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
സുരക്ഷാ ഭീഷണിയെത്തുടർന്ന് ബ്രിട്ടനിലെ വ്യോമതാവളങ്ങളിൽ നിന്ന് അമേരിക്കൻ വിമാനങ്ങൾ പിൻവലിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസവും ഇറാൻ അനുകൂല സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ റോയൽ എയർഫോഴ്‌സ് ഫെയർഫോർഡ് താവളത്തിൽ വിന്യസിച്ചിരുന്ന അമേരിക്കയുടെ അത്യാധുനിക ബി-1 ബോംബർ വിമാനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
itiuti

