മരണത്തിന് മുന്നിൽ മുഴങ്ങിയ സ്‌കൂൾ മണി; പ്രളയത്തെ തോൽപ്പിച്ച് 1,643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ
ഷീബ വിജയൻ
കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തി പ്രദേശങ്ങളിൽ ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 1,643 കുട്ടികളുടെ ജീവൻ രക്ഷിച്ച് പ്രിൻസിപ്പലും അധ്യാപകനുമായ രാജേന്ദ്ര ദവാഡി. നുവാകോട്ട് ജില്ലയിലെ ത്രിശൂലി താഴ്വരയിലുള്ള ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനും പ്രിൻസിപ്പലുമാണ് 47-കാരനായ രാജേന്ദ്ര.
ലങ്താങ് ലിരുങ് കൊടുമുടിയിൽ നിന്ന് വൻ ഹിമപാതവും പാറക്കെട്ടുകളും ഇടിഞ്ഞുവീണ് ലെന്ദേ ഖോല നദിയിലേക്ക് പതിച്ചതാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമായത്. ബുധനാഴ്ച രാവിലെ 9.20-നാണ് നദിയിലെ വെള്ളപ്പൊക്കം ഗ്രാമത്തെ ഒന്നാകെ ഒഴുക്കിക്കൊണ്ടുപോയ വിവരമറിഞ്ഞ് രാജേന്ദ്ര ദവാഡിക്ക് ഫോൺ കോൾ ലഭിക്കുന്നത്. നദിക്ക് ഏകദേശം 60 മീറ്റർ ഉയർന്ന കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുന്നതെങ്കിലും, തൊട്ടടുത്ത നിമിഷം വെള്ളം അതിവേഗം ഉയരുന്നതായി ഒരു രക്ഷിതാവ് ഓടിയെത്തി മുന്നറിയിപ്പ് നൽകി. ഒട്ടും സമയം കളയാതെ അദ്ദേഹം സ്‌കൂളിലെ മണി മുഴക്കുകയും കുട്ടികളോട് ഉടൻ പുറത്തിറങ്ങാൻ നിർദേശിക്കുകയും ചെയ്തു. ദൂരെയേക്ക് പുറപ്പെട്ട ബസുകൾ ഒഴികെ മറ്റുള്ളവരോട് യാത്ര നിർത്തിവെക്കാൻ അദ്ദേഹം നിർദേശം നൽകി. ഭയന്നോടിയ കുട്ടികളെ ഉന്നതിയിലുള്ള ഒരു ബോധി മരത്തിന് ചുവട്ടിലേക്ക് മാറ്റാൻ പ്രിൻസിപ്പൽ നിർദേശം നൽകി. കുട്ടികൾ ഉയർന്ന സ്ഥലത്ത് അഭയം പ്രാപിച്ച് നിമിഷങ്ങൾക്കകം പ്രളയജലം സ്‌കൂൾ കെട്ടിടങ്ങളെ ഒഴുക്കിക്കൊണ്ടുപോയി.
രാജേന്ദ്ര ദവാഡിയുടെ അതിവേഗ തീരുമാനത്തിൽ 1,643 വിദ്യാർഥികളും ഭൂരിഭാഗം അധ്യാപകരും രക്ഷപ്പെട്ടെങ്കിലും, രണ്ട് ജീവനക്കാരെ കാണാതായി. ഭക്ഷണം കഴിക്കാൻ മുറിയിലേക്ക് മടങ്ങിയ സോഷ്യൽ സയൻസ് അധ്യാപകൻ സന്തോഷ് പരിയാറും സ്‌കൂൾ വാതിലുകൾ അടയ്ക്കാൻ തിരിച്ചെത്തിയ ജീവനക്കാരൻ സുൽത്താൻ ലാമയുമാണ് പ്രളയത്തിൽ അകപ്പെട്ടത്. ഗ്രാമവാസികൾ ഹീറോ ആയി വാഴ്ത്തുമ്പോഴും, അങ്ങനെയൊരു സാഹചര്യത്തിൽ മറ്റെന്ത് ചെയ്യാനാണ്? എന്ന വിനീതമായ ചോദ്യമാണ് ഈ അധ്യാപകൻ ഉന്നയിക്കുന്നത്.
dsvdsds

