യുക്രെയ്ൻ യുദ്ധത്തിനിടെ താലിബാനുമായി റഷ്യയുടെ സുപ്രധാന സൈനിക കരാർ


ഷീബ വിജയൻ

മോസ്‌കോ: യുക്രെയ്‌നുമായി യുദ്ധം തുടരുന്നതിനിടെ അന്താരാഷ്ട്ര തലത്തില്‍ പുതിയ സഖ്യങ്ങള്‍ തേടുന്ന റഷ്യ, താലിബാന്‍ ഭരണകൂടവുമായി സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു. താലിബാനുമായുള്ള കരാര്‍ ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. മോസ്‌കോയില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിനിടെയാണ് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ഗെയ് ഷോയ്ഗുവും അഫ്ഗാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാഖൂബും കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ആയുധങ്ങള്‍, സൈനിക സാങ്കേതികവിദ്യകള്‍, ലൈസന്‍സുകള്‍, പ്രതിരോധ മേഖലകളിലെ സഹകരണം, സംയുക്ത വികസന പദ്ധതികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2021-ല്‍ അമേരിക്കന്‍ സൈനിക പിന്മാറ്റത്തിനു പിന്നാലെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മിക്ക രാജ്യങ്ങളും താലിബാന്‍ ഭരണകൂടത്തിന് ഔദ്യോഗിക അംഗീകാരം നല്‍കാന്‍ മടിച്ചപ്പോൾ, റഷ്യ ക്രമേണ ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കുകയും പിന്നീട് ഔദ്യോഗിക ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത റഷ്യ, അഫ്ഗാനിസ്ഥാനുമായി 'സമ്പൂര്‍ണ പങ്കാളിത്തം' വികസിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന്‍ യുദ്ധം മൂലം പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം വഷളായ സാഹചര്യത്തില്‍, മധ്യേഷ്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും പുതിയ സുരക്ഷാ പങ്കാളികളെ കണ്ടെത്താനുമുള്ള മോസ്‌കോയുടെ ശ്രമത്തിന്റെ ഭാഗമാണ് കരാറെന്നാണ് വിലയിരുത്തല്‍. റഷ്യയുടെ കാഴ്ചപ്പാടില്‍ അഫ്ഗാനിസ്ഥാന്‍ മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍, പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം, താലിബാനുമായി സഹകരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അതേസമയം, ഈ നീക്കം മേഖലയിലെ ശക്തിസമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വര്‍ഷങ്ങളായി താലിബാന്റെ പ്രധാന പിന്തുണക്കാരനായി കണക്കാക്കപ്പെട്ടിരുന്ന പാകിസ്ഥാന്റെ സ്വാധീനത്തിന് ഇത് വെല്ലുവിളിയാകാമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സമീപ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ താലിബാന് കൈകൊടുക്കുന്നത്.

article-image

assaasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed