ഡ്രോൺ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിൽ അമേരിക്കൻ സൈന്യത്തിന്റെ ശക്തമായ ആക്രമണം; വ്യോമതാവളം തകർത്തു
ശാരിക l അന്തർദേശീയം
തെഹ്റാൻ: സമുദ്രാതിർത്തിയിൽ വെച്ച് അമേരിക്കയുടെ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സേനയുടെ ആക്രമണം. യു.എസ് സെൻട്രൽ കമാൻഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാനിലെ ഗോരുക് നഗരത്തിലും ഖെശാം ദ്വീപിലുമുള്ള ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടത്തിയത്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, രണ്ട് ഡ്രോണുകൾ എന്നിവ തകർക്കാൻ തങ്ങൾക്ക് കഴിഞ്ഞതായി സെൻട്രൽ കമാൻഡ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടു.
തങ്ങളുടെ യുദ്ധക്കപ്പലുകൾക്കും പ്രദേശത്തെ സുരക്ഷക്കും ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നും, തങ്ങളുടെ സൈന്യത്തെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും യു.എസ് അധികൃതർ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹുർമോസ്‌ഗാൻ പ്രവിശ്യയിലെ സിരിക് ദ്വീപിലുള്ള ആശയവിനിമയ ടവറിന് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, പ്രസ്തുത വ്യോമതാവളം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് തകർത്തതായി പേർഷ്യൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതായി ഐ.ആര്‍.ജി.സി വ്യക്തമാക്കിയത്. ഇറാന്റെ സമുദ്ര അതിർത്തി ലംഘിച്ചെത്തിയ നിരീക്ഷണ ഡ്രോൺ ഉടൻ തന്നെ റെവല്യൂഷണറി ഗാർഡിന്റെ അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ നിരീക്ഷണ വലയത്തിലാവുകയും, തൊട്ടുപിന്നാലെ വെടിവെച്ചിടുകയുമായിരുന്നുവെന്ന് ഐ.ആർ.ജി.സി അറിയിച്ചു. ഇറാന്റെ പരമാധികാരത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും കടുത്ത രീതിയിൽ നേരിടുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകുകയും ചെയ്തിയിരുന്നു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാനക്കരാറിന്റെ കരടിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടുതൽ ഭേദഗതികൾ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന് താൽക്കാലിക ശമനം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങൾ നീക്കുന്നതുമായും, ഇറാന്റെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് ട്രംപ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. ഇറാനിയൻ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടാതെ ഒരു കരാറിനും വഴങ്ങില്ലെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഖിർ ഖാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്.
sdfsf

