കുട്ടികൾക്കായി വേദനരഹിത വാക്സിൻ ഉടൻ
ന്യൂഡൽഹി: പന്ത്രണ്ടു വയസുമുതലുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കന്പനിയുടേതാണ് ഈ സൂചി രഹിത കൊവിഡ് വാക്സിൻ.ജറ്റ് ഇൻജക്ടർ ഉപയോഗിച്ച് അമർത്തി ചർമ്മത്തോട് ചേർന്നുള്ള ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന മരുന്നാണിത്. സ്മാൾ പോക്സിനെതിരെ പതിറ്റാണ്ടുകൾക്ക് മുന്പ് കുട്ടികൾക്ക് എടുത്തിരുന്ന അച്ചുകുത്ത് സംവിധാനം തന്നെയാണിത്.
മൂന്നു ഡോസ് വേണ്ടിവരും. രണ്ടു ഡോസുള്ള വാക്സിനും കന്പനി നിർമ്മിക്കുന്നുണ്ട്. കുട്ടികൾക്ക് സുരക്ഷിതമായ വാക്സിനാണെന്ന് കന്പനി അവകാശപ്പെടുന്നു. അനുമതി കിട്ടിയാൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനുകളുടെ എണ്ണം അഞ്ചാവും.കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി,ഒറ്റ ഡോസ് മാത്രമുള്ള ജോൺസൺ ആന്റ് ജോൺസൺ എന്നിവയാണ് മറ്റ് വാക്സിനുകൾ. കൊവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡി.എൻ.എ വാക്സിനും ഇതായിരിക്കും. ഡി.എൻ.എ അധിഷ്ഠിതമായതിനെ മൂന്നാം തലമുറ വാക്സിനെന്നാണ് വിശേഷിപ്പിക്കുന്നത്. വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ പ്ലാസ്മിഡ് എന്ന പകർപ്പെടുക്കാത്തതരം ഡി.എൻ.എ. തന്മാത്രയാണ് ഉപയോഗിക്കുന്നത്.

