മദ്യശാലകളിലെ തിരക്ക്; ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി; ബെവ്കോ ഔട്ട്ലെറ്റുകളില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി. മദ്യ വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വാക്സിനേഷൻ പരമാവധി ആളുകളിലേക്കെത്താൻ തീരുമാനം ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സർക്കാർ ഇപ്പോഴും കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് ബാരിക്കേട് വച്ച് അടിച്ചൊതുക്കിയാണ് മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നത്. താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും കോടതി പറഞ്ഞു. മറ്റിടങ്ങളിൽ ആർടിപിസിആർ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്സിന്‍ എടുത്ത രേഖയോ വേണമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാൽ ബെവ്കോ – ബാറുകളില്‍ ഈ നിയമം ബാധകമല്ലേയെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ നാളെ മറുപടി വേണമെന്ന് കോടതി സർക്കാരിനോട് പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കും.

