എം.ബി.ബി.എസ് വിദ്യാർ‍ത്ഥികൾ‍ ആയുഷ് ചികിത്സാ രീതിയിൽ‍ പരിശീലനം നേടണമെന്ന് നിർദ്ദേശം


ന്യൂഡൽഹി: എം.ബി.ബി.എസ് വിദ്യാർത്ഥികൾ ആയുഷ് ചികിത്സാ രീതിയിൽ പരിശീലനം നേടണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശം. പഠനശേഷം ആയുർവേദം, ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ രീതികളിൽ പരിശീലനം നേടണമെന്നാണ് നിർദേശം.

ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരിക്കും പരിശീലനം. ഇത് സംബന്ധിച്ച ചട്ടത്തിന്റെ കരട് മെഡിക്കൽ കമ്മീഷൻ പുറത്തിറക്കി. എം.ബി.ബി.എസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ആയുഷ് ചികിത്സാ രീതികളിൽക്കൂടി പരിശീലനം നേടണമെന്നാണ് കരടിൽ പറയുന്നത്. വിദ്യാർത്ഥികൾ എം.ബിബി.എസ് എവിടെയാണോ പഠിച്ചത് അതേ സ്ഥാപനത്തിൽ തന്നെ പരിശീലനം നേടണമെന്നും പറയുന്നു.

എം.ബി.ബി.എസ്. പൂർത്തിയാക്കുന്നവരുടെ നിർബന്ധിത പരിശീലനം സംബന്ധിച്ച നിയമത്തിന്റെ കരട് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയിരുന്നു.ഇത് പ്രകാരം, എം.ബി.ബി.എസ് പൂർത്തിയാക്കുന്നവരുടെ നിർബന്ധിത പരിശീലനത്തിൽ വിവിധ വിഷയങ്ങളിൽ ഒരാഴ്ചത്തെ വീതമുള്ള പരീശീലനംകൂടി ഉൾപ്പെടുത്താനാണ് തീരുമാനം.

കാർഡിയോളജി, നെഫ്രോളജി, പൾമണറി മെഡിസിൻ, മെഡിക്കൽ ഓങ്കോളജി എന്നിവയിൽ ഏതെങ്കിലും രണ്ട് വിഭാഗത്തിലാണ് പരിശീലനം പൂത്തിയാക്കേണ്ടത്.ബിരുദം നേടി 12 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട 17 പോസ്റ്റിങ്ങുകളിൽ 14 എണ്ണം നിർബന്ധമായും ചെയ്യേണ്ടതും മൂന്നെണ്ണം ഇലക്ടീവുമാണ്.

സൂപ്പർസ്പെഷ്യാലിറ്റി മെഡിസിൻ, ഇന്ത്യൻ മെഡിസിൻ എന്നിവയാണ് ഇലക്ടീവുകൾ. ആയുഷിന്റെ കാര്യത്തിൽ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ തുടങ്ങിയ ചികിത്സാ രീതികളിൽ നിന്ന് വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

You might also like

Most Viewed