കോവിഡ് വന്നവരും വാക്സിൻ സ്വീകരിക്കണോ?
ഒരിക്കൽ കോവിഡ് ബാധിച്ച് രോഗമുക്തരായവരും വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. കാരണം വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഇല്ലാതാക്കാൻ വാക്‌സിൻ മാത്രമേ സാധിക്കൂ. ഒരിക്കൽ കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ വൈറസിനെതിരെ പ്രതിരോധ പ്രതികരണം ഉണ്ടാകുന്നുണ്ട്. വീണ്ടും വൈറസ് ശരീരത്തെ ആക്രമിക്കുന്ന വേളയിൽ ശരീരം ഇതോർമിക്കുകയും വീണ്ടും പ്രതിരോധം തീർക്കുകയും ചെയ്യും. പക്ഷേ, കോവിഡിന്റെ കാര്യത്തിൽ ഇത് എത്ര കാലം നീണ്ടു നിൽക്കും എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതിനാൽതന്നെ വീണ്ടും രോഗബാധിതനാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അതിനാൽതന്നെ ഒരു വാക്‌സിനെടുത്ത് കാര്യങ്ങൾ സുരക്ഷിതമാക്കുന്നതാണ് നല്ലത്.
ഇനി രോഗം ഒരിക്കൽ വന്നവർക്ക് തങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനുള്ള ഉപാധിയെന്ന നിലയ്ക്കും വാക്‌സിനെ കാണാം. കോവിഡ് വന്നവർ രോഗബാധിതനായി 90 ദിവസമെങ്കിലും കഴിഞ്ഞ് വാക്‌സിൻ എടുത്താൽ മതിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേ സമയം കടുത്ത അലർജിയുള്ള വർ വാക്‌സിൻ സ്വീകരിക്കുന്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. ബ്രിട്ടനിലും അമേരിക്കയിലും വാക്‌സിൻ പരീക്ഷണങ്ങൾക്കിടെ അലർജി പ്രതികരണമുള്ളവരിൽ കടുത്ത പാർശ്വ ഫലങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. അലർജി രോഗങ്ങൾക്ക് ചികിത്സയിലുളളവർ എടുക്കാൻ പോകുന്ന വാക്‌സിന്റെ ചേരുവകളെ സംബന്ധിച്ചും വാക്‌സിന്റെ പാർശ്വ ഫലങ്ങളെ സംബന്ധിച്ചും തങ്ങളുടെ ഡോക്ടർമാരുമായി ചർച്ച ചെയ്യുന്നത് അഭികാമ്യമാണ്.
