കോവിഡ് വ്യാപനം ജൂലൈയിൽ കുത്തനെ വർദ്ധിക്കാം; ശ്രദ്ധ പുലർത്തേണ്ടത് മരണനിരക്കിലാണെന്ന് വിദഗ്ദ്ധർ
അൺലോക്ക്-1 ഘട്ടത്തിൽ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് രാജ്യത്തെ മരണനിരക്കിലാണെന്ന് വിദഗ്ദ്ധർ. രാജ്യത്ത് കൊവിഡ് രോഗവ്യാപനം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കുത്തനെ കൂടുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. അടുത്ത കാലത്തൊന്നും രോഗവ്യാപനത്തിന്‍റെ എണ്ണം കുറച്ച് കൊണ്ടുവന്ന്, രോഗികളില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്ന് തന്നെയാണ് സൂചന.
വീണ്ടും ലോക്ക്ഡൗൺ വന്നാൽ രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ തന്നെ തകരാറിലാകുമെന്നും ജനങ്ങൾ വലിയ പട്ടിണിയിലേക്ക് വീഴുമെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തിൽ. ഈ സാഹചര്യത്തിൽ ഇനിയുമൊരു ലോക്ക്ഡൗൺ തിരികെ കൊണ്ടുവരാനാകില്ല.
വാക്സിൻ ഗവേഷണത്തിൽ നിർണായകമായ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് വികസിപ്പിച്ച് മനുഷ്യരിൽ പരീക്ഷണം നടത്തി അംഗീകാരം നേടാൻ അടുത്ത വർഷം ആദ്യപാതിയാകുമെന്നാണ് സൂചന. രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോൾ, ഇതിൽ 10 മുതൽ 15 ശതമാനം പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരും. ഇവർക്കെല്ലാം ക്രിട്ടിക്കൽ കെയറും നൽകേണ്ടി വരും. ഇതിന് രാജ്യത്ത് വേണ്ട സൗകര്യങ്ങളുണ്ടോ എന്നതാണ് ചോദ്യം. സ്വകാര്യ ആശുപത്രികളിലേക്ക് കൂടി രോഗികളെ എത്തിക്കേണ്ടി വരുമ്പോൾ പണമുള്ളവർക്ക് മാത്രം നല്ല ചികിത്സ കിട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോയേക്കാം. ഇത് ഒഴിവാക്കാൻ സമൂഹത്തിൽ അതീവജാഗ്രത തന്നെ വേണ്ടിവരും.
പരമാവധി ആളുകളെ ഐസൊലേഷനിലാക്കുക എന്നതിനേക്കാൾ, ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ഓക്സിജൻ ബെഡ്ഡുകളും അതീവഗുരുതരാവസ്ഥയിലുള്ളവർക്ക് വെന്‍റിലേറ്ററുകളും ഉറപ്പാക്കണം.
സമൂഹവ്യാപനം വെല്ലുവിളിയാകുന്പോൾ കൂടുതൽ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കണം.
കൊവിഡ് രോഗവ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളെ താരതമ്യം ചെയ്ത് നോക്കുമ്പോൾ, ഇന്ത്യയിൽ മരണനിരക്ക് ഏറെ താഴെയാണ്. 2.86% മാത്രം. വൈറസുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിലായിരിക്കാൻ സാധ്യതയുണ്ടായിരുന്ന, അഥവാ രോഗം വരാൻ സാധ്യതയുണ്ടായിരുന്ന ആളുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് 0.08% മാത്രം.
ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ നല്ല രീതിയിൽ സമ്പർക്കപ്പട്ടിക രൂപീകരിക്കുകയോ കൃത്യമായി പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്.

