കർണാടക: ദേവഗൗഡ ഉൾപ്പെടെ നാലു സ്ഥാനാർത്ഥികൾ എതിരില്ലാതെ രാജ്യസഭയിലേക്ക്
ബംഗളൂരു: കർണാടക രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാലു സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എറന്ന കഡാഡി, അശോക് ഗസ്തി എന്നിവരെയാണ് ബിജെപി പാർലമെന്‍റിലേക്ക് അയച്ചത്. മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച്.ഡി. ദേവഗൗഡയും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കോണ്‍ഗ്രസിന്‍റെ കൂടി പിന്തുണയിലാണ് 87-കാരനായ ദേവഗൗഡ തിരഞ്ഞെടുക്കപ്പെട്ടത്. മല്ലികാർജുൻ ഖാർഗെയാണ് രാജ്യസഭയിലെ കോണ്‍ഗ്രസ് പ്രതിനിധി. കൂടുതൽ വോട്ട് ആവശ്യമായി വന്നാൽ ദേവഗൗഡയ്ക്കു കോണ്‍ഗ്രസ് വോട്ട് നൽകുമെന്നു പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ, ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെ നിർത്താതിരുന്നതിനാൽ കോണ്‍ഗ്രസിന്‍റെ വോട്ട് വേണ്ടിവന്നില്ല. ഇതു രണ്ടാം തവണയാണ് ദേവഗൗഡ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 1996-ൽ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ, ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ സ്ഥാനാർത്ഥി പട്ടിക തള്ളി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

