ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോണ്‍സണും കുടുംബത്തിനും കോവിഡ്
ലോസ് ആഞ്ചൽസ്: ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോണ്‍സണും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. നടനും ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഡ്വെയ്ൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ കോവിഡ് മുക്തരായതായും താരം വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണു താനും കുടുംബവും കടന്നുപോയതെന്നു താരം പറഞ്ഞു. കുട്ടികൾക്കു കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായി ഡ്വെയ്ൻ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണത്തിൽ കൃത്യമായ ജാഗ്രത ഉണ്ടായിരുന്നിട്ടും തനിക്കും കുടുംബത്തിനും വൈറസ് പിടിപെട്ടു, ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും വീഡിയോയിൽ ഡ്വെയ്ൻ പറഞ്ഞു. മാസ്ക് ധരിച്ചും ആളകലം പാലിച്ചും കോവിഡിനെതിരേ ജാഗരൂകരാകാൻ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. 2020 ഫോബ്സ് പട്ടിക പ്രസിദ്ധീകകരിച്ച കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമനാണു ഡ്വെയ്ൻ ജോണ്‍സൻ. 654.36 കോടിയാണ് റോക്കിന്‍റെ നിലവിലെ പ്രതിഫലം.

