ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: അനിൽ രാധാകൃഷ്ണ മേനോനെതിരെ നടപടിയെടുക്കുമെന്ന് ഫെഫ്ക


കൊച്ചി: പാലക്കാട് ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോനെതിരെ ഫെഫ്‌ക രംഗത്ത്. സംഭവത്തിൽ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്‍റെ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. തന്‍റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നാണ് ബിനീഷിന്‍റെ ആരോപണം. ഇതേത്തുടര്‍ന്ന്, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് വേദി വിട്ടത്.

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി, ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കാരണം തിരക്കിയപ്പോഴാണ് മാഗസിൻ റിലീസിംഗിന് വരാമെന്നേറ്റ സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് പറഞ്ഞതായി ഇവർ നടനോട് പറഞ്ഞത്. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞ് വരണമെന്ന ആ ആവശ്യം തള്ളിയ ബിനീഷ് പിന്മാറാന്‍ തയ്യാറായില്ല. വേദിയിലെത്തിയ ബിനീഷ് പ്രതിഷേധ സൂചകമായി കസേരയിലിരിക്കാതെ തറയിലിരുന്നതിനു ശേഷം സദസ്സിനോട് സംസാരിക്കുയും ഇതിനു ശേഷം വേദി വിടുകയുമാണ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed