പി.കെ റോസിയുടെ പേരിൽ‍ ഫിലിം സൊസൈറ്റി രൂപികരിച്ച് ഡബ്ല്യു.സി.സി


കൊച്ചി: പി.കെ റോസിയുടെ പേരിൽ‍ ഫിലിം സൊസൈറ്റി രൂപികരിച്ച് ഡബ്ല്യു.സി.സി. മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി ആരംഭിച്ച് ഡബ്യുസിസി.1928 ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ സാമൂഹികമായ ഭ്രഷ്ട് കൽപിച്ച് നാടുകടത്തപ്പെട്ട ദളിത് സ്ത്രീയാണ് പി.കെ റോസി. റോസിയുടെ പേരിൽ‍ ഫിലിം സൊസൈറ്റി രൂപികരിക്കുന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡബ്യുസിസി വ്യക്തമാക്കി

ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക്:

മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരിൽ വിമെൻ ഇൻ സിനിമ കളക്ടീവ്, ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുകയാണ്. 1928ൽ പുറത്തിറങ്ങിയ 'വിഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കൽപിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ റോസി. പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നത്.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകൽപന ചെയ്ത നമ്മുടെ ലോഗോയും പി.കെ റോസിയെ ദൃശ്യവത്കരിക്കുന്നതാണ്. മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ഇത്തരത്തിലുള്ള വ്യൂവിംഗ് സ്പെയ്സുകൾക്കിടയിൽ ഒരിടം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് പി.കെ റോസി ഫിലിം സൊസൈറ്റി. സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവർത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂർണ്ണമായും സ്ത്രീ/ട്രാൻസ്−സ്ത്രീകളാൽ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം. ഇതൊരു ജനാധിപത്യപരമായ ഇടമായിരിക്കുകയും ഇതിന് സമകാലീന ചലച്ചിത്ര കലാവിജ്ഞാനീയത്തിലേക്കും, അത് സംബന്ധിച്ച ചർച്ചകളിലേക്കും, സംഭാവനകൾ നൽകാൻ സാധിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed