മധുരയ്ക്ക് സമീപം വാഹനാപകടം; നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു

പഴനി: മധുര ജില്ലയിൽ വാടിപ്പട്ടിയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പേരശ്ശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകൻ ഫസൽ (21), മകൾ സഹന (ഏഴ്), കുറ്റിപ്പുറം മൂടാൽ സ്വദേശി ഹിളർ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. ഏർവാടി തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാർ വഴിയിൽ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം മലപ്പുറത്തു നിന്ന് പോയ കാറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മധുര, ദിണ്ടിക്കൽ സർക്കാർ ആശുപത്രികളിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.