2020ൽ ടെസ്ല ഇന്ത്യയിൽ?
ന്യൂയോർക്ക്: ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുമെന്ന് പ്രഖ്യാപിച്ച് എലോൺ മസ്ക്. 2020ൽ ഇന്ത്യൻ നിരത്തുകളിൽ ടെസ്‌ലയുടെ വാഹനങ്ങൾ ഉണ്ടാകുമെന്നാണ് മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥികളുമായി സംവദിക്കവേ ടെസ്‌ല സി.ഇ.ഒ എലോൺ മസ്കിന്‍റെ പ്രഖ്യാപനം. സ്പേസ് എക്സ് സംഘടിപ്പിച്ച സ്പേസ് എക്സ് ഹൈപ്പർലൂപ്പ് പോഡ് കോംപറ്റീഷൻ 2019ൽ ഐഐടി മദ്രാസിന്‍റെ ആവിഷ്കാർ ഹൈപ്പർലൂപ്പ് ടീം പങ്കെടുത്തിരുന്നു. ഈ മാസം 21നായിരുന്നു മത്സരം. ടെസ്‌ല എന്നാണ് ഇന്ത്യയിലേക്ക് വരികയെന്ന ചോദ്യത്തിന് ഒരു വർഷത്തിനുള്ളിൽ എത്തുമെന്നായിരുന്നു മസ്കിന്‍റെ മറുപടി എന്ന് ഐ.ഐ.ടി മദ്രാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
തന്‍റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത് ഇന്ത്യൻ സർക്കാരിന്‍റെ നിയമങ്ങളാണെന്ന് മസ്ക് പറഞ്ഞു. കൂടാതെ വിദേശനിക്ഷേപങ്ങളിലുള്ള നിബന്ധനകളും ഇന്ത്യൻ മാർക്കറ്റിലേക്കുള്ള പ്രവേശനം വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ് വീണ്ടും തടസപ്പെട്ടതിനെത്തുടർന്ന് ടെസ്‌ലയുടെ ഇന്ത്യൻ വംശജനായ ചീഫ് ഫിനാൻഷൽ ഓഫീസർ ദീപക് അഹുജ താൻ വിരമിക്കുകയാണെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. കന്പനിയുടെ മോഡൽ 3 ഇലക്‌ട്രിക് കാറുമായി ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിക്കുകയാണ് ടെസ്‌ലയുടെ ലക്ഷ്യം. 35,000 ഡോളർ (ഏകദേശം 25 ലക്ഷം രൂപ) ആണ് ഈ മോഡലിന്‍റെ വില.

