സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് സൂപ്പർതാരങ്ങൾ; അത് അവരുടെ സാംസ്‌കാരിക അപചയം
തിരുവനന്തപുരം: മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് സൂപ്പർ താരങ്ങളാണെന്ന് സംവിധായകൻ ഡോ. ബിജു. സിനിമ ഇൻഡസ്ട്രിയെ മുഴുവൻ നിയന്ത്രിക്കാൻ കഴിയുന്ന രണ്ട് പേർ അതിൽ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്‌കാരിക അപചയമാണെന്നും ബിജു വിമർശിച്ചു.
“മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ സിനിമകൾ എടുത്തു പരിശോധിച്ചാൽ, അതിൽ സൂപ്പർ താരങ്ങൾ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അവർ അതിനെ പറ്റി ഉത്കണ്ഠപ്പെട്ടില്ല. ശരിയാണ്, ആരോ എഴുതി തരുന്ന സംഭാഷണങ്ങൾ അവർ പറയുന്നു. അവർക്ക് വേണമെങ്കിൽ അത് പറയാം. പക്ഷേ എങ്കിൽ പോലും സിനിമാ ഇൻഡസ്ട്രിയെ മുഴുവൻ നിയന്ത്രിക്കാൻ കഴിയുന്ന രണ്ട് പേർ അതിൽ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്‌കാരിക അപചയമാണ്.
അവർ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇങ്ങനെയുള്ള സംഭാഷണങ്ങൾ വേണോ, പക്ഷേ അവർ തന്നെ അത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതിനെ കൈയ്യടിക്കാൻ കുറച്ച് ഫാൻസ് എന്ന് പറഞ്ഞ ആളുകളും. അങ്ങനെയൊരു ധാര മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിന് എതിരെയുള്ള ആദ്യ കല്ലേറാണ് ഡബ്ല്യു.സി.സി. ചെറുപ്പക്കാരായിട്ടുള്ളവർ ബോൾഡായ സിനിമകൾ എടുക്കാൻ തുടങ്ങിയിരിക്കുന്നതും മാറ്റത്തിന്റെ ഭാഗമാണ്. മാറ്റം ഉണ്ടാക്കുന്നവർ പഴയതിലേക്ക് പോകാതിരിക്കുക എന്നത് പ്രധാനമാണ്.” ബിജു പറഞ്ഞു.

