“ചോല” വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്


തിരുവനന്തപുരം: സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്. ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ പങ്കെടുക്കും. ആഗസ്റ്റ് 28 മുതൽ സപ്റ്റംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലചിത്രമേളയിൽ ഇതിനു മുൻ‌പ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയാണ്. 

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനു മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു. സനൽ കുമാർ ശശിധരന്റെ സെക്സി ദുർഗ എന്ന ചിത്രം 2017ൽ നെതർലാൻഡിലെ റോട്ടർ ഡാം, സ്വിറ്റ്സർലൻഡിലെ ജെനീവ, അർമീനിയയിലെ യെരവാൻ, മെക്സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്പെയിനിലെ വാലൻസിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളിൽ പുരസ്കാരം നേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed