ബംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം: മലയാളത്തിൽ നിന്ന് മത്സരിക്കാൻ പാതി
ബംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലേക്ക് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്ത മലയാള ചിത്രം പാതി തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിലേക്ക് മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള ചിത്രമാണ് ഇത്. പാതിക്ക് പുറമെ രണ്ട് ഇന്ത്യൻ ചിത്രങ്ങളും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. അശ്വത്ഥാമാ, പഡായി എന്നിവയാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുക. തെയ്യം കലയുടെ പശ്ചാത്തലത്തിൽ ഭ്രൂണഹത്യയ്ക്കെതിരെയുളള സന്ദേശം നൽകുന്ന പാതി എന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, പാർവ്വതി മാല, ജോയ് മാത്യു, കലിംഗ ശശി, കൺമണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീത സംവിധാനം.

