മധു മരിച്ചത് തലയ്ക്കു പിന്നിൽ അടിയേറ്റാണെന്നു സ്ഥിരീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തൃശൂർ : ആദിവാസി യുവാവ് മധു മരിച്ചത് തലയ്ക്കു പിന്നിൽ അടിയേറ്റാണെന്നു സ്ഥിരീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് തെളിഞ്ഞിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മർദ്ദനമേറ്റിട്ടുണ്ട്, വാരിയെല്ലുകൾ തകർന്ന നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി ഇന്ന് അറസ്റ്റു ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട എട്ടു പ്രതികൾ പിടിയിലായി. എട്ടു പ്രതികൾക്കും എതിരെ കൊലക്കുറ്റത്തിനും ആദിവാസി അക്രമത്തിനും വനത്തിൽ അതിക്രമിച്ചു കടന്നതിനും കേസെടുക്കുമെന്നു ഐജി എം.ആർ.അജിത്കുമാർ പറഞ്ഞു. പട്ടികവർഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴു വകുപ്പുകൾ കൂടി ചുമത്തുമെന്നും ഐജി അറിയിച്ചു. ഇന്ന് രാവിലെ 11.30തോടുകൂടിയാണ് പോസ്റ്റ്മോര്ട്ടം നടപടികള് ആരംഭിച്ചത്. മുന്നര മണിക്കൂറോളം നീണ്ട പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.

