ഷാജോൺ വീണ്ടും കാക്കി വേഷത്തിൽ
കലാഭവൻ ഷാജോൺ വീണ്ടും കാക്കി വേഷത്തിലെത്തുന്നു. മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ, ഷാഫി സംവിധാനം ചെയ്യുന്ന ഒരു പഴയ ബോംബ് കഥ, നാല് കഥകളുടെ സമന്വയമായ അനുരാഗം ദ ആർട്ട് ഒാഫ് തേപ്പ് എന്നീ ചിത്രങ്ങളിലെല്ലാം ഷാജോൺ പോലീസ് വേഷത്തിലാണെത്തുക. ബിബിൻ ജോർജ് നായകനാകുന്ന ഷാഫി ചിത്രം ഒരു പഴയ ബോംബ് കഥയിൽ എസ്.ഐ രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളിലുമാണ് ഷാജോൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത് മോഹൻലാൽ ടീമിന്റെ ബിലാത്തിക്കഥയാണ് ഷാജോണിന്റെ അടുത്ത ചിത്രം. മെഗാഹിറ്റായ ദൃശ്യത്തിലെ വില്ലൻ ടച്ചുള്ള പോലീസ് വേഷമാണ് കലാഭവൻ ഷാജോണിന് കരിയറിൽ വൻ ബ്രേക്ക് നൽകിയത്. രജനികാന്ത് നായകനാകുന്ന ശങ്കർ ചിത്രം യന്തിരൻ 2.0യിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിക്കുകയാണ് ഷാജോൺ.

