എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സ്വയംതൊഴിൽ പരിശീലനം ആരംഭിച്ചു
മാനന്തവാടി: ശരണ്യ സ്വയംതൊഴിൽ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ച മാനന്തവാടി താലൂക്കിലെ 123 പേർക്കുള്ള സൗജന്യ സംരംഭകത്വ വികസന പരിശീലനം മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രവും സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ പരിശീലനത്തിൽ കന്നുകാലിപരിപാലനം, വസ്ത്ര നിർമ്മാണം, പലഹാര നിർമ്മാണം, കരകൗശലം, മുട്ടക്കോഴി വളർത്തൽ തുടങ്ങിയ ചെറുകിട സംരംഭങ്ങൾക്കായി അപേക്ഷിച്ചവരാണ് പങ്കെടുക്കുന്നത്.
സ്വയംതൊഴിൽ പദ്ധതിയിൽ അതത് മേഖലകൾക്ക് പുറമേ, സംരംഭകരിലെ ആശയവിനിമയപാടവം, വ്യക്തിത്വ വികസനം, മാർക്കറ്റിംഗ് സ്‌കിൽ, സാന്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം. ഉദ്ഘാടനച്ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ പ്രദീപാ ശശി അദ്ധ്യക്ഷത വഹിച്ചു.

