ഒവിയയുടെ ആത്മഹത്യ ശ്രമം: കമൽഹാസനെതിരെ പരാതി
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന മലയാളി നടി ഒവിയയുടെ ആത്മഹത്യ ശ്രമത്തിന് നടൻ കമൽഹാസനെതിരെ പരാതി. കമലിന് പുറമേ ബിഗ് ബോസ് ഷോയുടെ നിർമ്മാതാക്കൾക്കെതിരെയും അഡ്വക്കേറ്റ് എസ്. എസ് ബാലാജി പരാതി നൽകി. പരിപാടി നടക്കുന്ന ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും ഒവിയയെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തിയെന്നും ഇക്കാരണത്താലാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് അഡ്വക്കേറ്റ് ബാലാജി പരാതിയിൽ പറയുന്നത്.
ടി.ആർ.പി റേറ്റിംഗ് കൂട്ടുന്നതിന് വേണ്ടി കടുത്ത നടപടികൾക്ക് മത്സരാർത്ഥികളെ പ്രേരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കമൽഹാസൻ, ബിഗ് ബോസ് നിർമ്മാതാക്കൾ, വിജയ് ടി.വി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ബാലാജി ആവശ്യപ്പെട്ടു. ബിഗ് ബോസ് ഷോയിൽ നിന്ന് കഴിഞ്ഞ ദിവസം ഓവിയ പുറത്തായിരുന്നു. ഇതിന്റെ സങ്കടം സഹിക്കാനാവാതെ ഷോ ഹൗസിലെ നീന്തൽ കുളത്തിലേക്ക് താരം എടുത്തു ചാടുകയായിരുന്നു. ഉടൻ തന്നെ മറ്റ് മത്സരാർത്ഥികൾ ഒവിയയെ കുളത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. 41 ദിവസത്തെ താമസത്തിന് ശേഷമാണ് ഒവിയ ഷോയിൽ നിന്ന് പുറത്തായത്.
പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെയാണ് ഒവിയ സിനിമയിലേയ്ക്കെത്തിയത്. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങിയെങ്കിലും തമിഴിൽ അവസരങ്ങൾ എത്തിയിരുന്നു. ബിഗ് ബോസ് ഷോയിൽ എത്തിയതോടെ ഒവിയയുടെ പ്രേക്ഷക പ്രീതി ഏറെ വർദ്ധിച്ചു.

