ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കോടതി നീക്കി
കൊച്ചി: ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റർ എസ്. ശ്രീശാന്തിനു ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ഡൽഹി പൊലീസ് അങ്കിത് ചവാൻ, അജിത് ചാന്ദില എന്നിവർക്കൊപ്പം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് ഇവരെ ക്രിക്കറ്റിൽനിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയത്. പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചെങ്കിലും വിലക്കു നീക്കാനാവില്ലെന്ന ബിസിസിഐയുടെ കടുംപിടുത്തം തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ചതോടെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.
ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്. കേസിന്റെ കോടതി വിധി കേൾക്കാൻ ശ്രീശാന്ത് എത്തിയിരുന്നു. ഇക്കാലമത്രെയും ഉറച്ച പിന്തുണ നൽകി കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.

