ബഹിഷ്കരണമല്ല നിരോധനമാണ് വേണ്ടതെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി
മനാമ: ഖത്തർ അധികൃതർ ഭീകരവാദത്തെ ബഹിഷ്ക്കരിക്കുകയല്ല, നിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ. ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കെതിരായ ഖത്തറിന്റെ ആരോപണങ്ങളെത്തുടർന്നാണ് ഷെയ്ഖ് ഖാലിദ് നിലപാട് വ്യക്തമാക്കിയത്. ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് ഖത്തർ സർക്കാർ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാല് രാജ്യങ്ങളും മറ്റ് അറബ് − ഇസ്ലാമിക് രാഷ്ട്രങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
2013, 2014 വർഷങ്ങളിലെ റിയാദ് കരാറുകളിൽ പരാമർശിച്ചിരിക്കുന്ന തത്വങ്ങൾ പാലിക്കണമെന്നും ഷെയ്ഖ് ഖാലിദ് ഖത്തർ വിദേശകാര്യമന്ത്രിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പരസ്പര ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഒരു പ്രശ്ന പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

