കുതിരപ്പുറത്ത് ഡെലിവറി നടത്തിയ യുവാവിനെ തേടി സ്വിഗ്ഗി; വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം


കനത്തമഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന ഒരാളുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ കുതിര വേഗത്തിൽ ഷെയർ ചെയ്യപ്പെട്ട വിഡിയോയിലെ യുവാവിനെ തപ്പി ഇറങ്ങിയിരിക്കുകയാണ് സ്വിഗ്ഗി. അവിചാരിതമായി വന്ന ബ്രാൻ‍ഡ് അംബാസിഡറെക്കുറിച്ച് ആദ്യ സൂചന നൽ‍കുന്നയാൾ‍ക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നാണ് കന്പനി വാഗ്ദാനം.

മറ്റുളളവരെപ്പോലെ തങ്ങൾ‍ക്കും ഈ ധീരനായ യുവതാരത്തെ അറിയില്ലെന്ന് സ്വിഗ്ഗി ട്വിറ്ററിൽ‍ കുറിച്ചു. അദ്ദേഹത്തിൻ്റെ ബാഗിനുളളിൽ‍ എന്താണ്? കനത്തമഴയിൽ തിരക്കുളള മുംബൈ തെരുവിലൂടെ എങ്ങോട്ട് പോകുന്നു? ഭക്ഷണം ഡെലിവറി ചെയ്യുന്പോൾ‍ കുതിരയെ എന്തുചെയ്യും? ട്വിറ്റിൽ‍ സ്വിഗ്ഗി ചോദിക്കുന്നു. ഇയാളെ കണ്ടെത്തുന്നതിന് ശ്രമങ്ങൾ‍ ആരംഭിച്ചതായും സ്വിഗ്ഗി അറിയിച്ചു.

‘ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഇന്റർനെറ്റ് ഉപയോക്താക്കളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. കൃത്യമായ വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകും. കൂടുതൽ‍ പരിസ്ഥിതി സൗഹൃദത്തിനായി നിലവിലുളള വാഹനസൗകര്യങ്ങൾ‍ മാറ്റി പകരം കുതിര, കഴുത, ഒട്ടകം, ആന തുടങ്ങിയ ജീവികളെ ഉപയോഗിക്കാന്‍ സ്വിഗ്ഗി തുടങ്ങിയിട്ടില്ല.’− ട്വിറ്ററിൽ പറയുന്നു. വിഡിയോയ്ക്ക് പിന്നാലെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. വിഡിയോ മുംബൈയിലെ ദാദറിൽ നിന്നുള്ളതാണെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed